നെടുങ്കണ്ടം: രണ്ടുപതിറ്റാണ്ട് ഇന്ത്യയുടെ അതിർത്തികാത്ത സൈനികന് വിശ്രമമില്ല. അടുത്ത നിയോഗം സമുദ്രാതിർത്തി കാക്കാൻ..! നെടുങ്കണ്ടം മത്തപ്പെട്ടി ഈഴോർമറ്റത്തിൽ സിബി തോമസിനാണ് കരാതിർത്തിയിൽനിന്നും രാജ്യാന്തര സമുദ്രാതിർത്തി കാക്കുവാനുള്ള അപൂർവ നിയോഗം ലഭിച്ചിരിക്കുന്നത്.
നീണ്ട 21 വർഷത്തെ സേവനത്തിനുശേഷമാണ് വീണ്ടും രാജ്യസേവനത്തിനായി ഈ സൈനികൻ പുറപ്പെടുന്നത്. കമാണ്ടർ സിബി തോമസ് 1995 ൽ 21 വയസുള്ളപ്പോഴാണ് സൈന്യത്തിൽ ചേരുന്നത്. ആദ്യ പോസ്റ്റിംഗ് ആസാമിലായിരുന്നു. പിന്നീട് കാശ്മീർ, ബീഹാർ, മേഘാലയ, പഞ്ചാബ്, ബീഹാർ, ത്രിപുര, മണിപ്പൂർ, നാഗാലാന്റ്, ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഘട്ട് തുടങ്ങി വടക്കേ ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും ഈ സൈനികൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്നേഹത്തിന്റെ ഊഷ്മളമായ ദിനങ്ങളോടൊപ്പം ചുടുചോരയുടെ മരവിപ്പിക്കുന്ന മരണം മുന്നിൽ കണ്ട ദിവസങ്ങളും കമാണ്ടറുടെ ഓർമകളിലുണ്ട്.
രണ്ടുപതിറ്റാണ്ടിന്റെ സൈനിക ജീവിതത്തിൽ കമാണ്ടറിന്റെ മനസിൽ ആദ്യമോടിയെത്തുന്നത് കാശ്മീരിലെ സേവന കാലഘട്ടമാണ്. കാർഗിൽ യുദ്ധം കൊടുന്പിരികൊണ്ടിരിക്കുന്ന സമയത്താണ് കമാണ്ടർ ഇവിടെയെത്തുന്നത്. ചോരയുടെ ഗന്ധമുള്ള ദിനങ്ങളായിരുന്നു അത്. തണുത്തുറഞ്ഞ മഞ്ഞുമലകളിൽകൂടി പായുന്പോൾ ശരീരം വിയർത്തൊലിക്കുമെന്ന് കമാണ്ടർ പറയുന്നു. നിന്ന സ്ഥലം നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതാവുന്നതും കാർഗിലിൽ അനുഭവിച്ചു. കുന്നുകൾ സെക്കന്റുകൾക്കുള്ളിൽ വൻ ഗർത്തങ്ങളാവും. പാക്കിസ്ഥാൻ ബോംബറുകൾ വർഷിക്കുന്ന തീയുണ്ടകൾക്കിടയിലൂടെ മുന്നേറുന്പോൾ ത്രിവർണ പതാക മാത്രമായിരിക്കും മനസിൽ. അതൊരു ആവേശമാണെന്ന് ഇദ്ദേഹം പറയുന്നു.
മേജർ രവിയുടെ സിനിമയേക്കാൾ ഭീകരമായിരുന്നു യുദ്ധം. കൂടെ കൈപിടിച്ച് മുന്നേറിയ സഹപ്രവർത്തകൻ അൽപനിമിഷത്തിനുള്ളിൽ കൈകാലുകൾ ചിന്നിചിതറി കിടക്കുന്ന കാഴ്ച, ഭക്ഷണവും വെള്ളവുമില്ലാതെ മഞ്ഞുമലയിൽ ദിവസങ്ങളോളം കഴിഞ്ഞത്, പാക്കിസ്ഥാൻ ഗ്രനേഡുകൾ ശരീരത്തിൽ തറഞ്ഞുകയറിയിട്ടും പിൻമാറാതെ യുദ്ധമുഖത്തേയ്ക്ക് കുതിച്ചുകയറിയ ദിനങ്ങൾ, ഒടുക്കം പാക്കിസ്ഥാൻ ബോർഡറും കഴിഞ്ഞ് കുതിച്ച നിമിഷം, ഇന്ത്യൻ പതാക പാക്കിസ്ഥാൻ മണ്ണിൽ ഉറപ്പിച്ച നിമിഷവുമൊക്കെ ഒരു ബുള്ളറ്റിന്റെ വേഗതയിൽ കമാണ്ടറുടെ മനസിലൂടെ കടന്നുപോകുന്നു.
കാർഗിലിനുശേഷം ഓപ്പറേഷൻ ഗ്രീൻഹട്ടിലൂടെ ഛത്തീസ്ഘട്ടിലെ മാവോയിസ്റ്റുകളെ ഒതുക്കിയതും മറക്കാനാവാത്ത അനുഭവമാണ്. കാടും മലയും കയറി മാവോയിസ്റ്റുകളുടെ താവളങ്ങൾ കണ്ടെത്തണം. ഒരുമാസത്തേയ്ക്കുള്ള ഭക്ഷണം ബാഗിൽ കരുതണം, അതിനൊപ്പം തോക്ക്, തിര, മിഷ്യൻ ഗണ്ണുകൾ തുടങ്ങിയവയും ചുമന്ന് വഴി വെട്ടിത്തെളിച്ചുവേണം മുന്നോട്ടു നീങ്ങാൻ. സൂക്ഷിച്ചു ചവുട്ടിയില്ലങ്കിൽ മാവോയിസ്റ്റുകൾ കുഴിച്ചിട്ടിട്ടുള്ള മൈനുകളിൽ കയറി ചവുട്ടും. അതിനാൽ ഒരാൾ ചവുട്ടിയ കാൽപാടുകളിൽ ചവുട്ടി ഉറുന്പുനിര നീങ്ങുന്നതുപോലെ മാവോയിസ്റ്റു കേന്ദ്രങ്ങളിലെത്തും. ചിലപ്പോൾ ദിവസങ്ങളോളം ഉണക്ക റൊട്ടിയും അവൽ മാത്രമാവും ഭക്ഷണം. അവൽ പച്ചവെള്ളത്തിൽ കുതിർത്തുവേണം കഴിക്കാൻ.
വിവാഹശേഷം കഷ്ടിച്ച് ഒന്നരമാസം നാട്ടിൽ നിൽക്കുവാനേ കമാണ്ടറിനായുള്ളു. നേരെ യുദ്ധമുഖത്തേക്ക്. ഭാര്യ ജയമോൾക്ക് ഭർത്താവിനെക്കുറിച്ച് അഭിമാനം മാത്രമാണുള്ളത്. എയ്ഞ്ചൽ മരിയ, ജൂവൽ ആൻ, എലൈൻ സേറ എന്നിവരാണ് മക്കൾ. ഇപ്പോൾ മർച്ചന്റ് നേവിയിൽ ടീം ക്യാപ്റ്റനായാണ് കമാണ്ടർസിബി തോമസ് സേവനത്തിനൊരുങ്ങുന്നത്. പ്രായപരിധി കഴിഞ്ഞെങ്കിലും ടീം ക്യാപ്റ്റനായി തെരഞ്ഞെടുത്തത് ആർമിയിലെ അനുഭവ പരിചയംകൊണ്ടാണ്. തന്റെ ജീവിതംതന്നെ രാജ്യത്തിനായ് സമർപ്പിച്ചിരിക്കുന്നതാണന്ന് ഈ സൈനികൻ പറയുന്നു.