തിരുവനന്തപുരം: പരാതിക്കാരോട് മോശമായി പെരുമാറിയ പോലീസുകാരന് സസ്പെൻഷൻ. നെയ്യാർഡാം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഗോപകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഗോപകുമാറിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ഡിഐജി സഞ്ജയ് കുമാർ ഗുരുദീൻ റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് സസ്പെൻഷൻ. ഗോപകുമാറിനെ നേരത്തെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ അച്ഛനോടും ഒപ്പമുണ്ടായിരുന്ന മകളോടുമാണ് ഗോപകുമാർ മോശമായി പെരുമാറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിവാദമായത്.
പരാതിക്കാരനൊപ്പമുണ്ടായിരുന്ന ആളാണ് കൈവശം ഉണ്ടായിരുന്ന ഫോണിൽ സംഭവം റെക്കോർഡ് ചെയ്തത്.
സംഭവത്തിൽ അന്വേഷണം നടത്തിയ ഡിഐജി സഞ്ജയ് കുമാർ ഗുരുദീൻ ഗോപകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പരാതിക്കാരൻ പ്രകോപിപ്പിച്ചു എന്ന എഎസ്ഐയുടെ വിശദീകരണം നിലനിൽക്കില്ല. പരാതി അന്വേഷിച്ചിരുന്നത് എഎസ്ഐ ഗോപകുമാറായിരുന്നില്ല.
മറ്റൊരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഗോപകുമാർ സ്റ്റേഷനിലെത്തിയത്. അതിനിടെ പ്രകോപിതനായി മോശംവാക്കുകൾ ഉപയോഗിച്ചത് ന്യായീകരിക്കാനാകില്ല. ഡ്യൂട്ടിയിലിരിക്കേ മഫ്തി വേഷത്തിൽ സ്റ്റേഷനിലേക്കു വന്നതു തെറ്റാണ്.
സിവിൽ ഡ്രസിൽ പോകേണ്ട ഡ്യൂട്ടിയിലായിരുന്നില്ല ഗോപകുമാർ. എഎസ്ഐയുടെ പ്രവർത്തനം പോലീസ് സേനയ്ക്കു ചേരാത്തതാണെന്നും സേനയെ അപകീർത്തിപ്പെടുത്തിയതായും ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.