അടൂര്‍: സഹോരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവായ വിദ്യാര്‍ഥി പിടിയില്‍. കഴുത്തില്‍ കത്തിവച്ചാണ് ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയത്.
കുട്ടികളുടെ മാതാവ് നേരത്തെ മരിച്ചിരുന്നു. പിതാവ് വിദേശത്താണ്. ഡിവൈഎസ്പി ആര്. ജോസ്, ഇന്‍സ്പെക്ടര്‍ ജി. സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴയില്നിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ കുട്ടികളുടെ അടുത്ത ബന്ധുവാണു പ്രതി.
2016 ഒക്ടോബര്‍ മുതലാണ് പീഡനം തുടങ്ങിയത്. കുട്ടികളുടെ മാതാവ് രോഗം ബാധിച്ച് ചികില്‍സാ സൗകര്യാര്‍ഥം വാടകവീട്ടില്‍ താമസിക്കുമ്പോഴാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചത്. എതിര്‍ത്തപ്പോള്‍ കത്തി കഴുത്തില്വച്ചും തലയിണ മുഖത്ത് അമര്‍ത്തിയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി 12 വയസുള്ള പെണ്‍കുട്ടിയും 11 വയസുള്ള ആണ്‍കുട്ടിയും െചെല്‍ഡ് ലൈന്‍ മുമ്പാകെ മൊഴി നല്‍കിയിരുന്നു.
അശ്ലീലദൃശ്യങ്ങള്‍ കാണിച്ചു പെണ്‍കുട്ടിയെയാണ് ആദ്യം പീഡിപ്പിച്ചത്. പിന്നാലെ ഇളയ സഹോദരനെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.
കുട്ടികളുടെ മാതാവ് കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ഡിസംബറില്‍ മരിച്ചിരുന്നു. വിദേശത്തായിരുന്ന പിതാവ് പെണ്‍കുട്ടിയെ തകഴിയിലെ ഒരു ആശ്രമത്തിലും ആണ്‍കുട്ടിയെ കോഴിക്കോട് താമരശേരിയിലുള്ള സഹോദരിയുടെ വീട്ടിലുമാക്കി.
ആശ്രമത്തിലെ കന്യാസ്ത്രീകളോടു പെണ്‍കുട്ടിയാണ് പീഡന വിവരം പറഞ്ഞത്. ഇക്കാര്യം ആശ്രമ അധികൃതര്‍ കുട്ടിയുടെ പിതാവിനെ അറിയിച്ചു. തുടര്‍ന്ന് കോഴിക്കോട് ചൈല്‍ഡ് ലൈനില്‍ പരാതി നല്കി.
ചൈല്ഡ്ലൈന് അധികൃതര്‍ കുട്ടികളെ വൈദ്യപരിശോധനയ്ക്കും കൗണ്‍സിലിംഗിനും വിധേയമാക്കിയതിനു ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴിയെടുത്തു. കഴിഞ്ഞ മാസം 22ന് ചൈല്ഡ്ലൈന് അധികൃതര്‍ താമരശേരി പോലീസ് സ്റ്റേഷനില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ അവിടെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സംഭവം നടന്നത് അടൂര്‍ സ്റ്റേഷന് പരിധിയിലായതിനാല്‍ കഴിഞ്ഞ അഞ്ചിന് അടൂര്‍ ഇന്‍സ്പെക്ടര്‍ക്കു കേസ് കൈമാറി. മംഗലാപുരം സിറ്റി കോളജില്‍ ഫിസിയോ തെറാപ്പി കോഴ്സ് പഠിക്കുകയാണു പ്രതി. കഴിഞ്ഞ 11ന് മംഗലാപുരത്തുനിന്ന് നാട്ടിലേക്കു തിരിച്ചുവെന്നു പറയുന്ന പ്രതിയെക്കുറിച്ചു പിന്നീട് വിവരമില്ലായിരുന്നു. രണ്ട് മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.
വ്യാഴാഴ്ച വൈകിട്ട് തൃശൂരില്‍നിന്നു തിരുവനന്തപുരത്തിനുള്ള ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ പ്രതി കയറിയതായി ഡിവൈഎസ്പിക്ക് രഹസ്യ സന്ദേശം ലഭിച്ചിരുന്നു. ആലപ്പുഴ സ്റ്റേഷനില്‍ കാത്തുനിന്നിരുന്ന എസ്.ഐ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പോക്സോ നിയമം, ജുവെനെല്‍ ജസ്റ്റിസ് ആക്ട്, ഇന്‍ഡ്യന്‍ ശിക്ഷനിയമം പ്രകാരവുമാണ് കേസെടുത്തത്.എന്നാല്‍ കുടുംബത്തിലെ സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ തന്നെ കുടുക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ അവകാശവാദം.