മൊബൈൽ ഫോണിന്റെയും ടിവിയുടെയും അമിത ഉപയോഗത്തിന്റെ പേരിൽ മാതാപിതാക്കളുടെ നിരന്തരമായ ശകാരത്തിൽ മനംനൊന്ത് 21 വയസ്സുള്ള ഒരു പെൺകുട്ടി 8 വയസ്സുള്ള സഹോദരനൊപ്പം പോലീസ് സ്റ്റേഷനിലെത്തി മാതാപിതാക്കൾക്കെതിരെ പരാതി നൽകി. ഇൻഡോർ നഗരത്തിലെ ചന്ദൻ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
7 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് രക്ഷിതാക്കൾ ഹൈക്കോടതിയിൽ എത്തി.
കുട്ടികൾ പോലീസ് സ്റ്റേഷനിലെത്തി രക്ഷിതാക്കൾ തങ്ങളെ ശകാരിക്കുകയും മൊബൈൽ ഉപയോഗിച്ചതിന് മർദിക്കുകയും ചെയ്തതായി പരാതിപ്പെട്ടന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അഭിഭാഷകൻ ധർമേന്ദ്ര ചൗധരി പറയുന്നു.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതു മുതൽ രണ്ട് കുട്ടികളും അമ്മായിയുടെ കൂടെയാണ് താമസിക്കുന്നത്.
എഫ്ഐആർ ഫയൽ ചെയ്യുന്നതിനുമുമ്പ്, കുട്ടികൾ മൊബൈലിനും ടിവിക്കും അടിമപ്പെടുന്നത് ഓരോ രക്ഷിതാക്കളെയും വിഷമിപ്പിക്കുന്നുവെന്ന് മാതാപിതാക്കൾ കോടതിയിൽ പലതവണ പറഞ്ഞു. കുട്ടികളെ ശകാരിക്കുന്നത് വളരെ സാധാരണമായ കാര്യമാണെന്നും അവർ വ്യക്തമാക്കി.