കൊച്ചി: ഇല്ലാത്ത ഭൂമി നല്‍കാമെന്നു പറഞ്ഞ് താരസംഘടനയായ ‘അമ്മ’യെ താന്‍ കബളിപ്പിച്ചിട്ടില്ലെന്ന് നടന് നാസര്‍ ലത്തീഫ്.
എഴുപുന്നയിൽ തന്റെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലം സംഘടനയ്ക്ക് ദാനമായി നല്‍കാമെന്ന് നേരത്തേ അറിയിച്ചിരുന്നു.
എന്നാല്‍ ഈ സ്ഥലമേറ്റെടുക്കാന്‍ അമ്മ തയാറായില്ല. കലാകാരന്മാര്ക്ക് വീട് വയ്ക്കാന്‍ ഉദ്ദേശിച്ചാണ് ഭൂമി നല്കാന് തീരുമാനിച്ചതെന്നും നാസർ പറഞ്ഞു.
‘അമ്മ’ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിലെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് തേടി നടന് സിദ്ദിഖ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിൽ ഇല്ലാത്ത ഭൂമി നല്‍കാമെന്ന മോഹനവാഗ്ദാനം നല്കി ‘അമ്മ’യെ കബളിപ്പിച്ചതിനെ വിമർശിച്ചിരുന്നു.
ഇതിനു മറുപടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നാസര്‍ ലത്തീഫ് ഇക്കാര്യം വ്യക്തമാക്കിയത്. ഔദ്യോഗിക പാനലിനെതിരേ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാസർ പരാജയപ്പെട്ടിരുന്നു.