എടത്വ: ലോക്ഡൗണ്‍ കാലത്ത് പട്ടിണിയിലായ തെരുവുനായ്ക്കൾക്ക് ഭക്ഷണവുമായി എടത്വ എസ്ഐ സിസിൽ ക്രിസ്റ്റിൻ രാജ്. കഴിഞ്ഞ ദിവസം രാത്രിയിൽ സീനിയർ സിപിഒ ഗോപനോടൊപ്പം പല സ്ഥലങ്ങളിലായി എത്തി 10 പാക്കറ്റോളം ബിസ്കറ്റുകളാണ് തെരുവുനായ്ക്കൾക്ക് നൽകിയത്.
കടകൾ അടച്ചുപൂട്ടിയതോടെ തെരുവുനായ്ക്കൾ മുഴുപ്പട്ടിണിയിലാവുകയും ഭക്ഷണം കിട്ടാതായതോടെ അക്രമാസ്കതരാകാനുള്ള സാധ്യതയും മനസിലാക്കി തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാനായി എസ്ഐ തയാറാകുകയായിരുന്നു.
അടഞ്ഞുകിടക്കുന്ന ഹോട്ടലുകൾ, മറ്റുഭക്ഷണശാലകൾ, സ്കൂളുകൾ, ആശുപത്രിപരിസരം, കടകളുടെ വരാന്തകൾ, സർക്കാർ ഓഫീസുകളുടെ കവാടങ്ങൾ എന്നിവിടങ്ങളിലാണ് കൂട്ടത്തോടെ ഇവ തന്പടിക്കുന്നത്.
ഏഴുമക്കളുണ്ടായിട്ടും വിദേശത്തും മറ്റുമായതിനാൽ ഒറ്റയ്ക്കു കഴിയേണ്ടി വന്ന 93 വയസുള്ള വൃദ്ധയോടൊപ്പം എസ്ഐ സിസിൽ ക്രിസ്റ്റ്യൻ രാജ് ഓണമാഘോഷിച്ചത് അദ്ദേഹത്തിന്റെ മനുഷ്യസ്നേഹത്തിന്റെ വലിയ ഉദാഹരണമായിരുന്നു.
അന്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലെ വാഹന അപകടം വർധിച്ചുവരികയും 90 ശതമാനം അപകടങ്ങളും അലക്ഷ്യമായ ഡ്രൈവിംഗ മൂലമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കി ബോധവത്കരണത്തിനായി പോലീസ് സ്റ്റേഷന്റെ മതിലിൽ ഇരുപതോളം ചിത്രങ്ങളാണ് എസ്ഐയുടെ നേതൃത്വത്തിൽ വരച്ചത്.
ഒറ്റപ്പെട്ടുപോകുന്നവർക്ക് തുണയായി എത്തുന്ന എസ്ഐ പ്രദേശത്ത് കുറ്റകൃത്യങ്ങളും അപകടങ്ങളും കുറയ്ക്കാനായിട്ടുള്ള തീവ്രശ്രമത്തിലാണ്.