നിയാസ് മുസ്തഫ
എക്സൈസ് വകുപ്പിൽ സമൂലമായ അഴിച്ചുപണി നടത്തി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ.ഉപമുഖ്യമന്ത്രിയും എക്സൈസ് വകുപ്പിന്റെ ചുമതലക്കാരനുമായ മനീഷ് സിസോദിയയെ ഒന്നാം പ്രതിയാക്കി സിബിഐ എഫ്ഐആർ ഇട്ട് മണിക്കൂറുകൾക്കു ശേഷമാണ് ഉദ്യോഗസ്ഥ തലത്തിൽ ലെഫ്റ്റനന്റ് ഗവർണർ വിനയ്കുമാർ സക്സേന അഴിച്ചുപണി നടത്തിയിരിക്കുന്നത്.
12 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയാണ് ലെഫ്റ്റനന്റ് ഗവർണറുടെ ഉത്തരവ്. മദ്യനയത്തിൽ അഴിമതി കണ്ടെത്തിയതോടെ സിബിഐ തയാറാക്കിയ എഫ്ഐആറിൽ സിസോദിയയാണ് ഒന്നാം പ്രതി സ്ഥാനത്ത്്.
15 പ്രതികളുടെ പട്ടികയാണ് 11 പേജുള്ള എഫ്ഐആറിൽ ഉള്ളത്. അഴിമതി, ക്രിമിനൽ ഗൂഡാലോചന, അക്കൗണ്ടുകളിലെ കൃത്രിമം എന്നിവയാണ് രേഖപ്പെടുത്തിയ കുറ്റങ്ങൾ.
സിസോദിയയുടെ ഡൽഹിയിലെ വീടിന് പുറമേ ഏഴ് സംസ്ഥാനങ്ങളിലായി 31 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു.
14 മണിക്കൂർ നീണ്ട റെയ്ഡിന് ശേഷം തന്റെ കന്പ്യൂട്ടറും ഫോണും അന്വേഷണ ഏജൻസി പിടിച്ചെടുത്തതായി സിസോദിയ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിലാണ് ഡൽഹി സർക്കാരിന്റെ പുതിയ മദ്യനയം പ്രാബല്യത്തിൽ വന്നത്.
പുതിയ മദ്യനയത്തിൽ ക്രമക്കേടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന കഴിഞ്ഞ മാസം സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.
ഒരു തെറ്റും താൻ ചെയ്തിട്ടില്ലെന്നാണ് സിസോദിയ പറയുന്നത്. രാഷ്ട്രീയ ആവശ്യങ്ങൾക്കായി ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സിസോ ദിയയെ ശക്തമായി പിന്തുണച്ചു.