സ്വന്തം ലേഖകന്‍
കൊച്ചി: സ്വർണക്കടത്തു കേസിൽ കസ്റ്റംസ് നാടകീയമായി അറസ്റ്റ് ചെയ്യാനൊരുങ്ങിയതിനെത്തുടർന്ന് നാടകീയ നീക്കങ്ങളിലൂടെ പിടിച്ചുനിൽക്കാൻ എം.ശിവശങ്കറിന്റെ ശ്രമം.
ഇതിന്റെ ഭാഗമായി ഐടി വകുപ്പ് മുന്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി. ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്.
അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഒളിവില്‍ പോകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ.
അതേസമയം, ശിവശങ്കറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ആരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുളള തയാറെടുപ്പിലാണ് കസ്റ്റംസ്. കസ്റ്റംസിന്റെ നാടകീയ നീക്കങ്ങളും ശിവശങ്കറിന്റെ ആശുപത്രിവാസവും ചേര്‍ന്നു സൃഷ്ടിച്ച അഭ്യൂഹങ്ങളില്‍ വ്യക്തത പ്രതീക്ഷിക്കുന്ന നിര്‍ണായക ദിവസമാണ് ഇന്ന്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലുളള ശിവശങ്കറിന്റെ ആശുപത്രി വാസം തുടരുമോയെന്നതാണ് ആദ്യത്തെ ചോദ്യം. വൈകിട്ട് മൂന്നിനു ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് ഇതിന് ഉത്തരം നല്‍കും.
നടുവിനും കഴുത്തിനും വേദനയെന്ന് പറഞ്ഞ ശിവശങ്കറിനെ വിവിധ പരിശോധനകള്‍ക്കു വിധേയമാക്കിയെങ്കിലും ഗുരുതര പ്രശ്നങ്ങള്‍ ഇല്ലാത്തത് കാരണം വാര്‍ഡിലേക്ക് മാറ്റാനോ ഡിസ്ചാര്‍ജ് ചെയ്യാനോ സാധ്യതയുണ്ട്.
സ്വപ്നയുമായി ചേര്‍ന്നു വിദേശത്തേക്ക് 1.90 ലക്ഷം ഡോളര്‍ (ഏകദേശം 1.40 കോടി രൂപ) കടത്തിയ കേസിലാണ് ശിവശങ്കിനെ കുരുക്കാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്. അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമമാണ് ശിവശങ്കര്‍ നടത്തുന്നത്.
കസ്റ്റംസ് അറസ്റ്റ് ചെയ്താല്‍ എന്‍ഐഎ, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികള്‍ക്കും അറസ്റ്റ് ചെയ്യാം. കാരണം ഡോളര്‍ കടത്ത് മറ്റു കേസുകളുമായി ബന്ധപ്പെട്ടതാണ്. അതു കൊണ്ടാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
ഏഴുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസില്‍ ശക്തമായ തെളിവുമായാണ് കസ്റ്റംസ് അറസ്റ്റിനു കാത്തുനില്‍ക്കുന്നത്.
കസ്റ്റംസ് നിയമപ്രകാരം മൊഴിയെടുത്ത ശേഷമേ അറസ്റ്റ് രേഖപ്പെടുത്താനാവൂ. ഇഡി അറസ്റ്റ് ചെയ്യുന്നത് 23 വരെ തടയുന്ന ഉത്തരവ് ഹൈക്കോടതിയില്‍നിന്ന് ശിവശങ്കര്‍ നേടിയിരുന്നു.
ഇനി മുന്‍കൂര്‍ ജാമ്യത്തിലൂടെ അറസ്റ്റ് ഒഴിവാക്കാനാണ് ശ്രമം. ആരോഗ്യത്തിന് കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ശിവശങ്കറിനെ ഐസിയുവില്‍ കിടത്തുന്നത് കസ്റ്റംസ് നടപടികളില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ഒത്തുകളിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അറസ്റ്റില്‍നിന്ന് രക്ഷ തേടിയുള്ള നാടകമാണെന്ന് കസ്റ്റംസും പറയുന്നു.
ശിവശങ്കർ ചികിത്സ തുടരുമോയെന്ന് ഇന്നറിയാം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ചികിത്സ തുടരുമോയെന്ന് ഇന്നറിയാം.
ഹൃദയാരോഗ്യ പ്രശ്നങ്ങളില്ലെന്നും നടുവേദന മാത്രമാണുള്ളതെന്നും വ്യക്തമായിട്ടും ശിവശങ്കറിനെ മെഡിക്കൽ കോളജ് ഐസിയുവിൽ തന്നെ ചികിത്സിക്കുന്നതു കസ്റ്റംസ് നടപടികൾ ഒഴിവാക്കുന്നതിനുള്ള ഒത്തുകളിയാണെന്ന് ആരോപണം ഉയർന്നിരുന്നു.
ശനിയാഴ്ച ശിവശങ്കറിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതിനു ശേഷം മെഡിക്കൽ ബുള്ളിറ്റിനുകളൊന്നും പുറപ്പെടുവിച്ചിരുന്നില്ല.
അതേസമയം, ഇന്നു വൈകുന്നേരം കൂടുന്ന മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷം ചികിത്സയുടെ കാര്യത്തിൽ തുടർനടപടി സ്വീകരിക്കും. ശിവശങ്കറിനെ ഇന്നു തന്നെ വാർഡിലേക്കു മാറ്റാനും സാധ്യതയുണ്ട്.
ശിവശങ്കറിനു ഗുരുതര പ്രശ്നങ്ങളൊന്നുമില്ലാത്ത സ്ഥിതിക്കു ഡിസ്ചാർജ് ചെയ്താൽ കസ്റ്റംസ് അറസ്റ്റിലേക്കു കടക്കാനുള്ള സാധ്യതയുമുണ്ട്. ഇതു മുൻകൂട്ടി കണ്ടാണ് ശിവശങ്കർ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നത്.
ഡോക്ടർമാരുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും കസ്റ്റംസും തുടർനടപടികളിലേക്കു കടക്കുക. ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങളാരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തയാറെടുപ്പിലാണ് കസ്റ്റംസ്.
സ്വപ്ന സുരേഷ് ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ മൂല്യം വരുന്ന അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്കു കടത്തിയെന്ന കേസിൽ കസ്റ്റംസ് ഇന്നു കൂടുതൽ തെളിവുകൾ കോടതിക്കു കൈമാറും.