വൈപ്പിൻ: കലാഭവൻ മണിയുടെ പാട്ടുകൾക്ക് ഈണം നൽകി പ്രശസ്തനായ സംഗീത സംവിധായകൻ സിദ്ധാർഥ് വിജയൻ- 65 അന്തരിച്ചു. വൈപ്പിൻ നെടുങ്ങാട് മണിയൻതുരുത്തിൽ ചാത്തന്റെയും കുഞ്ഞുപെണ്ണിന്റെയും മകനാണ്.
ആദ്യം നെടുങ്ങാട് വിജയൻ എന്നറിയപ്പെട്ടിരുന്ന വിജയനെ നടൻ തിക്കുറിശിയാണ് സിദ്ധാർഥ് വിജയനെന്ന് പുനർ നാമകരണം ചെയ്തത്. അസുഖത്തെ തുടർന്ന് ഒരാഴ്ചമുന്പ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്ന സിദ്ധാർഥ വിജയൻ ഇന്ന് രാവിലെയാണ് മരിച്ചത്.
സസ്കാരം ഇന്ന് വൈകുന്നേരം നാലിന് മുരുക്കുംപാടം ശ്മശാനത്തിൽ നടക്കും. ഭാര്യ: ദേവി. മക്കൾ: നിസരി, സരിഗ. നാലു പതിറ്റാണ്ടോളം അതിജീവിച്ച സംഗീത തപസ്യയിൽ മൂന്ന് മലയാള സിനിമയ്ക്കും നിരവധി തമിഴ് മലയാളം റീമേക്കുകൾക്കും കാസറ്റുകൾക്കും വിജയൻ ഈണമിട്ടിട്ടുണ്ട്.
ഇതുവരെ 3000 ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. 1983ൽ ഓണക്കാലത്തിറങ്ങിയ സുജായതയും മാർക്കോസും ചേർന്ന് ആലപിച്ച അത്തപ്പൂക്കളം എന്ന ആൽബമാണ് ആദ്യത്തെ ആൽബം. കലാഭവൻമണിക്ക് വേണ്ടി 45 കാസറ്റുകൾക്ക് ഈണം പകർന്നിട്ടുണ്ട്.
ചാലക്കുടിക്കാരൻ ചങ്ങാതി, അമ്മ ഉമ്മ മമ്മി, സ്വാമി തിന്തകത്തോം തുടങ്ങിയ മണിയുടെ ഹിറ്റു കാസറ്റുകൾ വിജയന്റെ സംഗീത്തിലാണ് പിറന്നത്.