പെരിന്തൽമണ്ണ: മന്ത്രവാദം നടത്തി മാനസിക പ്രശ്നങ്ങളും അസുഖങ്ങളും മാറ്റാമെന്ന് പറഞ്ഞ് വ്യാജ ചികിത്സ നടത്തിയെന്ന കേസിൽ സിദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുതുനഗരം സ്വദേശി പുല്ലൂർശങ്ങാട്ടിൽ അബ്ദുൾ കരീമി (39) നെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീമിനു ലഭിച്ച പരാതിയിൽ പെരിന്തൽമണ്ണ എഎസ്പി രീഷ്മ രമേശൻ അറസ്റ്റ് ചെയ്തത്.
മന്ത്രവാദം നടത്തി മാനസിക പ്രശ്നങ്ങളും മാറാരോഗങ്ങളും മാറ്റാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കരുവാരക്കുണ്ട് തുവ്വൂർ സ്വദേശിയുടെ ഭാര്യയെ മൂന്നു ദിവസത്തോളം മുറിയിൽ പൂട്ടിയിട്ടും കെട്ടിയിട്ട് പട്ടിണിക്കിട്ടും വടികൊണ്ടു അടിച്ചും മറ്റും പരിക്കേൽപ്പിച്ചുവെന്നാണ് കേസ്.
ഇതേത്തുടർന്നു ഭർത്താവ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെരിന്തൽമണ്ണ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അഗളിയിൽ നിന്നു പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇയാൾ വിവിധ സ്ഥലങ്ങളിൽ താമസിച്ച് മന്ത്രവാദവും ചികിത്സയും നടത്തിവരികയായിരുന്നു. പെരിന്തൽമണ്ണ എഎസ്പി രീഷ്മ രമേശന്റെ നേതൃത്വത്തിൽ കരുവാരകുണ്ട് എസ്ഐ പി.വിഷ്ണു, അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ്കുമാർ, കെ.എസ്.ഉല്ലാസ്, ആസിഫ് അലി, എസ്.പി.സതീഷ്കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.