ബംഗളൂരു: കർണാടകയിലെ മൈസൂരിൽ പൊതുയോഗത്തിനിടെ പരാതി പറയാനെത്തിയ സ്ത്രീയോട് ക്ഷുഭിതനായി മുൻ മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. സിദ്ധരാമയ്യുടെ മകനെ സംബന്ധിച്ച ചോദ്യമാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയതെന്നാണ് റിപ്പോർട്ട്.
ചോദ്യത്തിനു പിന്നാലെ സ്ത്രീയോട് ഇരിക്കാൻ ആക്രോശിച്ചുകൊണ്ട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഇതിനിടെ അവരുടെ കൈയിലിരുന്ന മൈക്കും സിദ്ധരാമയ്യ പിടിച്ചുവാങ്ങി. മൈക്കിനോടൊപ്പം അവരുടെ ദുപ്പട്ടയും സിദ്ധരാമയ്യയുടെ കൈയിൽ കുരുങ്ങി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വരുണ മേഖലയിൽ നടന്ന പൊതുയോഗത്തിലായിരുന്നു സംഭവം. മുൻ നിരയിലിരുന്ന സ്ത്രീ എഴുന്നേറ്റു നിന്ന് ചോദ്യം ചോദിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ക്ഷുഭിതനായത്. സ്ത്രീ വീണ്ടും പരാതി ഉന്നയിക്കൻ തുടങ്ങിയപ്പോൾ സിദ്ധരാമയ്യ അവരുടെ ചുമലിൽ പിടിച്ച് ഇരിക്കാനായി ആവശ്യപ്പെട്ടു.
സംഭവം വിവാദമായതോടെ സിദ്ധരാമയ്യയെ പിന്തുണച്ചുകൊണ്ട് കർണാടക കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു രംഗത്തെത്തി. അവർ തുടർച്ചയായി ചോദ്യം ചോദിച്ചതിനാലാണ് അവരെ തടഞ്ഞതെന്നാണ് ദിനേഷ് ഗുണ്ടുവിന്റെ വാദം.