ബംഗളൂരു: കര്ണാടകയില് അധികാരമേറ്റ കോണ്ഗ്രസ് നേതാവ് സിദ്ധരാമയ്യ പൊതുജനത്തിന് ഇഷ്ടപ്പെടുന്ന പ്രഖ്യാപനങ്ങള് തുടരുന്നു.
തന്റെ വാഹനം കടന്നുപോകുമ്പോള് മറ്റ് വാഹനങ്ങള് തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്നു നിര്ദേശിച്ച അദ്ദേഹം, ഇനി പൊതു, സ്വകാര്യ ചടങ്ങുകളില് ആദരവിന്റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ലെന്നും അറിയിച്ചു.
ആളുകള്ക്ക് അവരുടെ സ്നേഹവും ആദരവും പ്രകടിപ്പിക്കാന് സമ്മാനമെന്നനിലയില് ഇനി പുസ്തകങ്ങള് നല്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു.
മറ്റു വാഹനങ്ങള് തടഞ്ഞ് മുഖ്യമന്ത്രിയുടെ യാത്ര സുഗമമാക്കേണ്ടെന്ന തീരുമാനത്തിന് വന് ജനപിന്തുണ ലഭിച്ചത്. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ, ആദ്യ മന്ത്രിസഭായോഗം കോണ്ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്ക്ക് അംഗീകാരം നല്കിയിരുന്നു.
ഗൃഹജ്യോതി പദ്ധതിയിലൂടെ എല്ലാ വീടുകളിലും മാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹലക്ഷ്മി പദ്ധതിയിലൂടെ സ്ത്രീകള് നയിക്കുന്ന കുടുംബങ്ങള്ക്ക് മാസം 2,000 രൂപ, ശക്തി പദ്ധതിയിലൂടെ ട്രാന്സ്പോര്ട്ട് ബസുകളില് സ്ത്രീകള്ക്കു സൗജന്യ യാത്ര, അന്നഭാഗ്യ പദ്ധതിയിലൂടെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ ഓരോ അംഗത്തിനും 10 കിലോ അരി, യുവനിധി പദ്ധതിയിലൂടെ 18നും 25നും ഇടയില് പ്രായമുള്ള ബിരുദധാരികള്ക്ക് പ്രതിമാസം 3,000 രൂപയും ഡിപ്ലോമ കഴിഞ്ഞവര്ക്ക് 1,500 രൂപയും എന്നിവയാണ് അംഗീകരിച്ചിരിക്കുന്നത്.
50,000 കോടി രൂപയുടെ ബാധ്യതയാണ് ഇതുമൂലം സര്ക്കാരിനുണ്ടാകാനിരിക്കുന്നത്. ഇത്തരം ആനുകൂല്യങ്ങള്ക്കെതിരേ വിമര്ശനങ്ങളുമുയര്ന്നിട്ടുണ്ടെങ്കിലും സാധാരണക്കാരില് അത് വലിയ ആവേശമാണ് ഉയര്ത്തിയിരിക്കുന്നത്.