ബംഗളൂരു: കർണാടകയിൽ അധികാരം പങ്കിടലുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ മുഖ്യമന്ത്രിയായി കാലാവധി പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ. സിദ്ധരാമയ്യയും കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറും രണ്ടരവർഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ പരസ്യപ്രഖ്യാപനം.
‘സർക്കാർ അഞ്ചു വർഷം അധികാരത്തിലുണ്ടാകും. ഞാൻ മുഖ്യമന്ത്രിയാണ്, അധികാരത്തിൽ തന്നെ തുടരും. അധികാരമാറ്റം ഹൈക്കമാൻഡ് തീരുമാനിക്കും. കോൺഗ്രസ് പ്രാദേശിക പാർട്ടിയല്ല, ദേശീയ പാർട്ടിയാണ്’- അധികാരം പങ്കിടലിനെ നിഷേധിച്ചുകൊണ്ട് സിദ്ധരാമയ്യ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കി 224 സീറ്റിൽ 135 സീറ്റും കരസ്ഥമാക്കിയാണ് കോൺഗ്രസ് സംസ്ഥാനത്ത് അധികാരം തിരിച്ചുപിടിച്ചത്.
മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തപ്പോൾ സിദ്ധരാമയ്യയുമായി അധികാരം പങ്കിടാൻ ശിവകുമാർ സമ്മതം മൂളിയതായി റിപ്പോർട്ട് വന്നിരുന്നു. കോൺഗ്രസിലെ ചില എംഎൽഎമാർ, മുഖ്യമന്ത്രിസ്ഥാനം പങ്കിടൽ, മന്ത്രിസഭാവികസനം തുടങ്ങിയ വിഷയങ്ങൾ പരസ്യമായി ഉന്നയിക്കുന്നുണ്ട്.