ബംഗളൂരു: കര്ണാടകയില് ബിജെപി സര്ക്കാരിന്റെ കാലത്ത് അനുമതി നല്കിയ മുഴുവന് പദ്ധതികളും നിര്ത്തിവച്ച് പരിശോധനയ്ക്കു വിധേയമാക്കാന് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു.
വിവിധ വകുപ്പുകളുടെയും കോര്പറേഷനുകളുടെയും ബോര്ഡുകളുടെയും കീഴിലുള്ള എല്ലാ തുടര് നടപടികളും ഉടനടി നിര്ത്തണമെന്നും ആരംഭിക്കാത്ത പദ്ധതികള് ആരംഭിക്കരുതെന്നും ഉത്തരവിലുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്ട്ട് ചെയ്തു.
ബിജെപി അനുവദിച്ച പല പദ്ധതികള്ക്കും സുതാര്യതയില്ലെന്നും അംഗീകാരമില്ലെന്നും നിയമസഭാംഗങ്ങളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
ചില പദ്ധതികളില് വര്ക്ക് ഓര്ഡറുകള് ഇല്ലാതെ പണം നല്കിയിട്ടുണ്ട്. ചില പദ്ധതികളില് ഒന്നും നടത്താതെ കടലാസില് മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി അവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പരിശോധന പൂര്ത്തിയായ ശേഷമേ തുടര് നടപടിയുണ്ടാകൂവെന്നും അറിയിപ്പില് പറയുന്നു.
അധികാരമേറ്റെടുത്തശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനങ്ങളിലൊന്നാണിത്. ബിജെപി അനുവദിച്ച പുതിയ പ്രവൃത്തികളില് ഭൂരിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിനുശേഷം അനുമതി നേടിയവയാണെന്ന് ആരോപണമുയര്ന്നിരുന്നു.