എനിക്ക് ബീഫ് കഴിക്കണമെന്ന് തോന്നിയാല്‍ ഞാന്‍ ബീഫ് കഴിക്കും! പശുവിനെക്കുറിച്ച് ക്ലാസെടുക്കുന്ന യോഗി എന്നെങ്കിലും പശുവിനെ മേയിച്ചിട്ടുണ്ടോ? യോഗി ആദിത്യാനാഥിനെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തിലും, പലപ്പോഴായി വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിലേറിയപ്പോള്‍ കൊണ്ടുവന്ന ഒരു ആശയമാണ് ബീഫ് നിരോധനം എന്നത്. വിവിധ സ്ഥലങ്ങളില്‍ പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍ വരെ അരങ്ങേറുകയും ചെയ്തു. സംഘപരിവാര്‍ വിരുദ്ധരുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും നടന്നിരുന്നു. ഇപ്പോഴിതാ ബീഫ് വിഷയത്തില്‍ പുതിയ വാക്കുതര്‍ക്കങ്ങള്‍ അരങ്ങേറുന്നു. അത് നടക്കുന്നതാകട്ടെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലും. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനായി എത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിന്ദു ആണെന്നതിന്റെ യോഗ്യത സിദ്ധരാമയ്യ തെളിയിക്കണമെന്ന യോഗിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു സിദ്ധരാമയ്യ.

നിരവധി ഹിന്ദുക്കള്‍ ബീഫ് കഴിക്കാറുണ്ട്. എനിക്ക് ബീഫ് കഴിക്കണമെന്ന് തോന്നിയാല്‍ ഞാനും കഴിക്കും. ബീഫ് കഴിക്കരുതെന്നും ബീഫ് വില്‍ക്കരുതെന്നും പറയാന്‍ ഇവര്‍ ആരാണ്? എനിക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് മാത്രമാണ് ഞാന്‍ ബീഫ് കഴിക്കാത്തത്. ഞങ്ങള്‍ക്ക് ക്ലാസ് എടുക്കുന്നതിന് മുന്‍പ് ഗോഹത്യയെ കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് എന്താണെന്ന് കൂടി യോഗി പഠിക്കട്ടെ. -സിദ്ധരാമയ്യ പറഞ്ഞു. പശുവിന് കൊടുക്കേണ്ട പരിഗണനയെ കുറിച്ച് ഞങ്ങള്‍ക്ക് ക്ലാസ് എടുക്കുന്ന യോഗി എന്നെങ്കിലും പശുവിനെ മേച്ചിട്ടുണ്ടോ? ഞാന്‍ പശുവിനെ നോക്കാറുണ്ട്. അതിനെ മേക്കാറുണ്ട്. തൊഴുത്ത് വൃത്തിയാക്കാറുണ്ട്. അതുകൊണ്ട് തന്നെ യോഗിക്ക് ഞങ്ങളെ പഠിപ്പിക്കാനുള്ള ഒരു അധികാരവും ഇല്ല. സിദ്ധരാമയ്യ പറഞ്ഞു.

ഹിന്ദുവായിട്ടും സിദ്ധരാമയ്യ ബീഫ് കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും യഥാര്‍ഥ ഹിന്ദു അത് ചെയ്യില്ലെന്നും നേരത്തെ യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു സിദ്ധരാമയ്യ. സിദ്ധരാമയ്യ ഒരു ഹിന്ദുവാണെങ്കില്‍ ഗോഹത്യ അനുവദിച്ചുനല്‍കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നായിരുന്നു യോഗിയുടെ പ്രസ്താവന. കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ അവര്‍ നിയമസംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തുമെന്നും യോഗി പറഞ്ഞിരുന്നു.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യോഗി ആദിത്യനാഥ് എത്തുന്നതിന് മുന്നോടിയായാണ് ട്വിറ്ററില്‍ മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള വാക്പോര് തുടങ്ങുന്നത്. കര്‍ണാടകയില്‍ ബി.ജെ.പിയെ അധികാരത്തിലേറ്റിയാല്‍ ടിപ്പു ജയന്തി ആഘോഷിക്കേണ്ടി വരില്ലെന്നും മറിച്ച് ഹനുമാന്‍ ജയന്തി ആഘോഷിക്കാമെന്നും യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നതോടെ മാത്രമേ വികസനം സാധ്യമാകൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

 

 

 

Related posts