വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥൻ മരിക്കുന്നതിന് മുൻപ് അതിക്രൂരമായ മർദനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൂന്ന് ദിവസം വരെ പഴക്കമുള്ള പരുക്കുകളാണ് ദേഹത്തുണ്ടായിരുന്നത്. എന്നാൽ സിദ്ധാർഥന്റേത് തൂങ്ങി മരണമാണെന്നാണ് റിപ്പോർട്ടിലുള്ളത്.
അതേസമയം ആൾക്കൂട്ട വിചാരണയ്ക്ക് സിദ്ധാർഥൻ ഇരയായെന്നും വിദ്യാർഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്. സിദ്ധാർഥനെ പതിനാലാം തിയതി പ്രതികൾ സംഘം ചേർന്ന് ചോദ്യം ചെയ്തെന്നും തുടർന്ന് മർദിച്ചുവെന്നും വിദ്യാർഥികൾ പറഞ്ഞു.
പതിനാറിന് കാംമ്പസിലെ പാറപ്പുറത്തും വാട്ടർ ടാങ്കിന് സമീപവുംവച്ച് മർദിച്ചു. കൂടാതെ തൊട്ടടുത്ത ദിവസം ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ചു പരസ്യമായി സിദ്ധാർഥനെ നഗ്നനാക്കി മർദിച്ചുവെന്നും ആൾക്കൂട്ട വിചാരണ ചെയ്തെന്നും വിദ്യാർഥികൾ വ്യക്തമാക്കി. പതിനെട്ടാം തിയതി രാവിലെ മർദിച്ചതിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിൽ സിദ്ധാർഥന്റെ ശരീരത്തിൽ നിന്ന് പതിനെട്ടു മുറിവുകളാണ് കണ്ടെത്തിയത്. ഇതിൽ രണ്ടെണ്ണം തൂങ്ങിയപ്പോൾ സംഭവിച്ചതാണ്. ഇവയാണ് മരണകാരണവും. ബാക്കി മുറിവുകൾ സിദ്ധാർഥ് മരിക്കുന്നതിന് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ സംഭവിച്ചതാകാനാണ് സാധ്യത. അതേസമയം, ഈ ദിവസങ്ങളിൽ മകനെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്ന് സിദ്ധാർഥന്റെ അമ്മ പറഞ്ഞു.