പൂക്കോട്: വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിദ്ധാര്‍ഥന്റെ മൃതദേഹം പോലീസ് എത്തുന്നതിനുമുമ്പ് അഴിച്ചു. ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പ്രതികള്‍ തന്നെയാണ് അഴിച്ചതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
മര്‍ദന വിവരം വീട്ടില്‍ അറിയിക്കാതിരിക്കാന്‍ സിദ്ധാര്‍ഥന്റെ ഫോണും പ്രതികള്‍ പിടിച്ചു വച്ചിരുന്നു. ഫോണ്‍ തിരികെ നല്‍കിയത് 18ന് രാവിലെയാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
16നും 17നും വീട്ടുകാര്‍ സിദ്ധാര്‍ഥനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. സഹപാഠികളിലൊരാളെ വിളിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും സിദ്ധാര്ഥന് കിടക്കുകയാണെന്നും അറിയിച്ചു. ഈ സമയത്തെല്ലാം സിദ്ധാര്‍ഥന്റെ ഫോണ്‍ പ്രതികളുടെ കൈയിലായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കുന്നതില്‍ സര്‍വകലാശാല വിസി എം.ആര്. ശശീന്ദ്രനാഥന് വീഴ്ച സംഭവിച്ചതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണവിവരം അറിഞ്ഞിട്ടും അക്കാര്യം അന്വേഷിക്കാന്‍ വിസി തയാറായില്ല.
സിദ്ധാര്ഥന് മരിച്ച ദിവസം ഉച്ച മുതല്‍ വിസി കാമ്പസിലുണ്ടായിരുന്നു. ഫെബ്രുവരി 21നാണ് വിസി കാമ്പസില്‍ നിന്നു പോയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.