കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിൽ ഇന്നലെ സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് സന്ദർശനം നടത്തി. ഹോസ്റ്റലിലെ നടുമുറ്റവും ഹോസ്റ്റൽ മുറികളും കണ്ട് ജയപ്രകാശ് വിങ്ങിപ്പൊട്ടി. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് ജയപ്രകാശ് ഹോസ്റ്റൽ സന്ദർശിച്ചത്.
രാഹുൽ ഗാന്ധിയെ കണ്ടു നിവേദനം സമർപ്പിക്കാനായാണ് ജയപ്രകാശ് വയനാട്ടിൽ എത്തിയത്. രാഹുൽ ഗാന്ധിയെ സന്ദർശിച്ച ശേഷമാണ് പ്രത്യേക അനുമതി വാങ്ങി ജയപ്രകാശ് ഹോസ്റ്റൽ സന്ദർശിച്ചത്. ടി. സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
സിദ്ധാർഥിനെ ക്രൂരമായ റാഗിംഗിന് ഇരയാക്കിയ ഹോസ്റ്റലിലെ നടുമുറ്റത്ത് ഏറെനേരം അദ്ദേഹം ആരോടും ഒന്നും മിണ്ടാതെ നിന്നു. പോലീസ് സീൽ ചെയ്ത ഹോസ്റ്റൽ മുറി കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ മുറി തുറന്നു കാണിച്ചു.
മുറിയിലെ ഓരോ ദൃശ്യങ്ങളും അദ്ദേഹം മൊബൈലിൽ പകർത്തി. ചുമരിലെ ചെഗുവേരയുടെ ചിത്രങ്ങളും മറ്റ് എഴുത്തുകളും എല്ലാം അദ്ദേഹം പകർത്തിയെടുത്തു. ഹോസ്റ്റൽ മുറിയിലേക്കു കയറുന്പോൾ അദ്ദേഹം വിങ്ങിപ്പൊട്ടി. കൂടെയുള്ളവർ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയായിരുന്നു. സിദ്ധാർഥൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ ശുചിമുറി കാണാനുള്ള ധൈര്യം തനിക്കില്ലെന്നും അതിനാൽ കാണേണ്ടന്നും ജയപ്രകാശ് പറഞ്ഞു.
തന്റെ മകന്റെ മരണം കൊലപാതകം ആണെന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു. “കോളജ് അധികൃതരുടെ അറിവോടെയാണ് എന്റെ മകനോട് എല്ലാ ക്രൂരതകളും നടത്തിയത്. ഒടുവിൽ എന്റെ മകനെ കൊന്നു കെട്ടിത്തൂക്കുകയായിരുന്നു. കഴിഞ്ഞവർഷം ഞാൻ ഇതേ കോളജിൽ എത്തിയിരുന്നു. അന്ന് എനിക്ക് വലിയ അഭിമാനമായിരുന്നു.
കോളജ് ഓഫീസ് വരെയായിരുന്നു ഞാൻ അന്ന് എത്തിയത്. ഇങ്ങനെ മനസ് തകരുന്ന തരത്തിൽ വീണ്ടും ഇതേ കോളജിലേക്ക് എത്തേണ്ടി വരുമെന്ന് എനിക്ക് അറിയില്ലായിരുന്നു”- ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.