കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 4 പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി. 12 വിദ്യാർഥികൾക്കെതിരെയും കേസിൽ നടപടിയെടുക്കും. 10 വിദ്യാർഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഈ വിദ്യാർഥികൾക്ക് ക്ലാസിൽ പങ്കെടുക്കുവാനും പരീക്ഷ എഴുതാനും സാധിക്കില്ല.
പ്രതികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഇവർ മർദിച്ചെന്നാണ് വിവരം. മറ്റ് രണ്ടുപേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കുകയും ചെയ്തു. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർഥികളെയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.
അതേസമയം, ഹോസ്റ്റലിലെ വിദ്യാർഥികൾക്കെതിരെയും ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം കണ്ടുനിന്ന മുഴുവൻ വിദ്യാർഥികളെയും കോളജിൽ നിന്ന് ഏഴ് ദിവസം സസ്പെൻഡ് ചെയ്തു. ഇവർക്ക് ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയുന്നതല്ല. ഹോസ്റ്റലിൽ ഫെബ്രുവരി 16,17,18 തീയതികളിൽ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ.
കേസിൽ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മറ്റുള്ളവർക്ക് എതിരെയും നടപടിയെടുത്തത്. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാൾക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇവർക്ക് പ്രവേശനം നേടാനാകില്ല.
ഇക്കഴിഞ്ഞ 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ സത്യാവസ്ഥ വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിംഗ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.