ശ്രീജിത് കൃഷ്ണൻ
മംഗളൂരു: ഞാന്‍ ബിസിനസിനിറങ്ങി പണം നഷ്ടപ്പെടുത്തിയാല്‍ അച്ഛന്റെ മകന് വഴിതെറ്റിപ്പോയി നൂറേക്കര്‍ കാപ്പിത്തോട്ടം നശിപ്പിച്ചുവെന്നു കരുതുക. നമുക്കു പിന്നെയും നൂറുകണക്കിന് ഏക്കര്‍ തോട്ടം ബാക്കിയുണ്ടാകുമല്ലോ. ഞാന്‍ തെറ്റുതിരുത്തി തിരിച്ചുവന്ന് ആ തോട്ടങ്ങള്‍ നോക്കിനടത്തിക്കൊള്ളാം.
ബിസിനസില്‍ ഞാന്‍ വിജയിച്ചാല്‍ ഈ ചിക്മഗളൂരുവിലെ അഞ്ഞൂറു പേര്‍ക്കെങ്കിലും ഞാന്‍ തൊഴില്‍ കൊടുക്കും – മംഗളൂരു സെന്റ് അലോഷ്യസ് കോളജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം നേടിയതിനുശേഷം സ്വന്തമായി ബിസിനസ് ചെയ്യാനിറങ്ങുമ്പോള്‍ സിദ്ധാര്‍ഥ അച്ഛന് ഗംഗയ്യ ഹെഗ്ഡേയോടു പറഞ്ഞത് ഇങ്ങനെയാണ്. പ്രതീക്ഷകള്‍ക്കും ഒരുപാടുയരത്തില്‍ അമ്പതിനായിരത്തോളം പേര്‍ക്കു തൊഴില്‍ നല്കാന് മകന് വളര്‍ന്നു. അവസാനം ഉയരങ്ങളില്‍നിന്ന് അകാലത്തില്‍ ഞെട്ടറ്റുവീഴുന്നതുവരെ.
ചിക്മഗളൂരുവിലെ ഏറ്റവും വലിയ പ്ലാന്റര്മാരിലൊരാളായ ഗംഗയ്യ ഹെഗ്ഡേയുടെയും വാസന്തിയുടെയും ഏകമകനു പഠനകാലത്തു പട്ടാള ഓഫീസറാകാനായിരുന്നു ആഗ്രഹം. എന്നാല്‍, നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷ പാസാകാനായില്ല. പിന്നീട് പഠനത്തിനുശേഷം ആദ്യം പയറ്റിനോക്കിയത് ഓഹരിവിപണിയിലാണ്.
ഒരു വര്‍ഷം മുംബൈയിലെ ജെഎം ഫിനാന്ഷലില് ജോലിചെയ്തശേഷം ബംഗളൂരുവില്‍ സ്വന്തമായി ഓഫീസ് തുടങ്ങി. അന്നു കേന്ദ്രമന്ത്രിയായിരുന്ന എസ്.എം. കൃഷ്ണയുടെ ശ്രദ്ധയില്‍പ്പെടുന്നത് അക്കാലത്താണ്. ബംഗളൂരുവിലെ ഒരു ഓഹരി ഇടപാട് സ്ഥാപനം സ്വന്തമായി ഏറ്റെടുത്തുനടത്താന്‍ കൃഷ്ണയുടെ സഹായമുണ്ടായി. അധികം താമസിയാതെ കൃഷ്ണയുടെ മകള്‍ മാളവികയുമായി വിവാഹവും ഉറപ്പിച്ചതോടെ ചിക്മഗളൂരുകാർക്കിടയില് സിദ്ധാര്‍ഥ താരമാകാന്‍ തുടങ്ങി.
ഉയരങ്ങളിലേക്കു കുതിക്കുമ്പോഴും ജന്മനാടും നാട്ടുകാരുമായുള്ള ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ സിദ്ധാര്‍ഥ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്തു തിരക്കുണ്ടായാലും നാട്ടിലെ മിക്ക പരിപാടികളിലും കല്യാണങ്ങളിലും തന്റെ സാന്നിധ്യമുറപ്പിച്ചിരുന്നു.
വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സംസാരിക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും സമയം കണ്ടെത്തിയിരുന്നു. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ ജനിച്ചുവളര്‍ന്നതാണെങ്കിലും എന്നും ഇടത്തരക്കാരന്റെ മനസാണ് സിദ്ധാര്ഥയ്ക്കുണ്ടായിരുന്നതെന്നു ബന്ധുവായ വിനയ് മാധവ് പറയുന്നു.
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുന്നില്‍ എപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ ആത്മവിശ്വാസത്തിന്റെ ആള്രൂപമായിനിന്ന വ്യക്തി സ്വയം ഒരു പരാജയമെന്നു വിശേഷിപ്പിച്ച് ആത്മഹത്യയിലേക്കു നടന്നടുത്തുവെന്ന് ഇപ്പോഴും നാട്ടില്‍ ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല.
സാധാരണ ദിവസങ്ങളില്‍ രാവിലെ ഒൻപതരയോടുകൂടി മാത്രം ഓഫീസില്‍ പോകുന്ന സിദ്ധാര്‍ഥ തിങ്കളാഴ്ച രാവിലെ എട്ടിനുതന്നെ ബംഗളൂരുവിലെ വീട്ടില്‍നിന്ന് ഇറങ്ങിയിരുന്നു. പക്ഷേ പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ലെന്ന് ഭാര്യ മാളവികയും ഇതേ വീട്ടില്‍ താമസിക്കുന്ന ഭാര്യാപിതാവ് എസ്.എം. കൃഷ്ണയും പറയുന്നു.
സിദ്ധാര്ഥയ്ക്കും മാളവികയ്ക്കും രണ്ട് ആണ്മക്കളാണ്. അമേരിക്കയിലുള്ള അമര്‍ത്യയും സ്കൂള്‍ വിദ്യാര്‍ഥിയായ ഇഷാനും. കൃഷ്ണയുടെ ഇളയ മകള്‍ ശാംഭവി വിവാദവ്യവസായി വിജയ് മല്യയുടെ ബന്ധു ഉമേഷിന്റെ ഭാര്യയാണ്. ഇവര്‍ മറ്റൊരു വീട്ടിലാണ് താമസം.
മല്യ കുടുംബത്തിന്റെ മദ്യവ്യവസായവും ബിസിനസ് താത്പര്യങ്ങളുമായി സിദ്ധാര്‍ഥയും മാളവികയും എന്നും വ്യക്തമായ അകലം പാലിച്ചിരുന്നു. സിദ്ധാര്‍ഥയുമായുള്ള കുടുംബബന്ധം ഉയര്‍ത്തിക്കാട്ടിയാണ് കഴിഞ്ഞദിവസം വിജയ് മല്യ താനും ടാക്സ് ഭീകരതയുടെ ബലിയാടാണെന്ന പ്രസ്താവനയിറക്കിയത്.
ഞായറാഴ്ച സിദ്ധാര്‍ഥ വീട്ടില്‍ത്തന്നെ തങ്ങുകയും ഭാര്യയ്ക്കും എസ്.എം. കൃഷ്ണയ്ക്കും കുടുംബത്തിനുമൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. വൈകുന്നേരം മാത്രമാണ് അല്പനേരം പുറത്തുപോയത്. രാത്രിയോടെ വീണ്ടും തിരിച്ചെത്തി കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങുകയും ചെയ്തു.
തിങ്കളാഴ്ച നേരത്തേ ഓഫീസില്‍ പോയതിനു ശേഷം സകലേശ്പുരയില്‍ പോകുകയാണെന്നു വീട്ടില്‍ വിളിച്ചുപറയുകയും ചെയ്തിരുന്നു. സകലേശ്പുരയിലേക്കുള്ള വഴിയില്‍വച്ചാണ് കാര്‍ മംഗളൂരുവിലേക്കു തിരിക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടത്. വഴിമധ്യേ സിദ്ധാര്‍ഥ അസ്വസ്ഥനായിരുന്നുവെന്നും പലരെയും മൊബൈലില്‍ വിളിച്ചു ക്ഷമാപണം നടത്തുന്നതു കണ്ടതായും ഡ്രൈവര്‍ ബസവരാജ് പാട്ടീല്‍ മൊഴിനല്‍കിയിട്ടുണ്ട്.
ഇരുപതോളം പേരെ വിളിച്ചതായാണു മൊഴി. സിദ്ധാര്‍ഥയുടെ മൊബൈല്‍ ഇതുവരെ കണ്ടെടുക്കാനായില്ലെങ്കിലും ഈ വിളികളുടെ വിശദാംശങ്ങള്‍ മൊബൈല്‍ കമ്പനിയില്‍നിന്നു ശേഖരിക്കാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.