കേരളത്തിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ദേശിയ മാധ്യമ ശ്രദ്ധ കേരളത്തിന് ലഭിക്കുന്നില്ലെന്ന ആക്ഷേപമായി തെന്നിന്ത്യൻ താരം സിദ്ധാർഥ്. പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്തെന്നറിയിച്ച താരം ട്വീറ്റ് ചെയ്താണ് കേരളത്തിനോടുള്ള ദേശിയ മാധ്യമങ്ങളുടെ അവഗണനയെകുറിച്ച് അറിയിച്ചത്.
ഞാൻ എല്ലാവരോടും അപേക്ഷിക്കുകയാണ് കേരളത്തെ സഹായിക്കണം. വളരെ വലിയ ദുരന്തമുണ്ടായിട്ടും ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നത് എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ചെന്നൈയിൽ 2015ൽ പ്രളയമുണ്ടായപ്പോൾ ഞങ്ങളോട് ദേശിയമാധ്യമങ്ങൾ കാണിച്ച അവഗണന വളരെ വലുതായിരുന്നു.
അതാണ് എനിക്ക് ഇവിടെ ഓർമ വരുന്നത്. കേരളം അഭിമുഖീകരിക്കുന്നത് ചെന്നൈ കണ്ടതിലും വലിയ ദുരന്തമാണ്. ഈ സമയത്തെ നിങ്ങളുടെ ചെറിയ സഹായങ്ങൾ വലിയ കൈത്താങ്ങാകും. അത് മറ്റുള്ളവർക്കുള്ള പ്രചോദനമാണ്. ദുരന്തത്തെ പറ്റിയുള്ള അവബോധം എല്ലാവരിലും എത്തിക്കണം. നിങ്ങൾ കേരളത്തിനു വേണ്ടി ശബ്ദമുയർത്തി പ്രവർത്തിക്കണം. സിദ്ധാർഥ് പറഞ്ഞു.
കൂടാതെ #KeralaDonationChallenge എന്ന ക്യാമ്പയിൻ ആരംഭിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.