എവറസ്റ്റ് ബേസ് ക്യാംപിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായി ഇന്ത്യക്കാരി. ഭോപ്പാൽ സ്വദേശിയായ സിദ്ധി മിശ്ര എന്ന രണ്ടര വയസുകാരിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. സിദ്ധി എവറസ്റ്റ് ബേസ് ക്യാംപിൽ മാതാപിതാക്കളായ ഭാവന ദെഹാരിയ, മാഹിം മിശ്ര എന്നിവർക്കൊപ്പമാണ് എത്തിയത്.
മാർച്ച് 22 ന് എക്സ്പെഡിഷൻ ഹിമാലയ ഡോട്ട് കോം പ്രൈവറ്റ് ലിമിറ്റഡ് നൽകിയ സർട്ടിഫിക്കറ്റിൽ ഇവർ മൂന്നുപേരും എവറസ്റ്റ് ബേസ് ക്യാംപിൽ ട്രെക്കിംഗ് പൂർത്തിയാക്കിയെന്ന് വ്യക്തമാക്കുന്നു.
സമുദ്ര നിരപ്പിൽ നിന്നും 17,598 അടി ഉയരത്തിലുള്ള സ്ഥലമാണ് എവറസ്റ്റ് ബേസ് ക്യാംപ്. മലകയറ്റം ഇഷ്ടമുള്ളയാളാണ് സിദ്ധിയുടെ അമ്മ ഭാവന ദെഹാരിയ. ഭാവന 2019 ൽ എവറസ്റ്റ് കീഴടക്കിയിരുന്നു.
സിദ്ധിയും മാതാപിതാക്കളും മാർച്ച് 12ന് ആണ് ബേസ് ക്യാംപിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. 53 കിലോമീറ്ററാണ് പ്രതികൂല കാലാവസ്ഥയെയും ഭൂപ്രകൃതിയെയും കീഴടക്കി ഇവർ മറികിടന്നത്.
ഒടുവിൽ പത്തു ദിവസത്തെ യാത്രക്കൊടുവിൽ മാർച്ച് 22ന് ഇവർ എവറസ്റ്റ് ബേസ് ക്യാംപിലെത്തി.ദേശീയ പതാകയുമായി എവറസ്റ്റ് ബേസ് ക്യാംപിന് സമീപത്ത് നിൽക്കുന്ന സിദ്ധി മിശ്രയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.