നിയാസ് മുസ്തഫ
കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും അമരീന്ദർ സിംഗിന്റെ പ്രധാന രാഷ്ട്രീയ എതിരാളി പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു തന്നെ.
പഞ്ചാബിൽ തുടർഭരണം കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന നവ്ജ്യോത് സിംഗ് സിദ്ദു അടുത്ത മുഖ്യമന്ത്രി ആകാനുള്ള കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. ഇതു മനസിലാക്കിയാണ് സിദ്ദുവിനെതിരേ അമരീന്ദർ ആഞ്ഞടിക്കുന്നത്.
പാക്കിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻഖാനുമായുള്ള സിദ്ദുവിന്റെ സൗഹൃദം രാജ്യസുരക്ഷയ്ക്കു തന്നെ വെല്ലുവിളിയാണെന്ന് അമരീന്ദർ വ്യക്തമാക്കുന്നു.
പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം എന്ന നിലയിൽ അമരീന്ദറിന്റെ ഈ വാദത്തിന് പ്രസക്തിയുണ്ട്. ഈ പ്രചാരണം തെരഞ്ഞെടുപ്പ് വേദികളിലെല്ലാം അമരീന്ദർ ഉയർത്തുന്നുണ്ട്.
ഇത് കോൺഗ്രസിനുള്ളൊരു മുന്നറിയിപ്പ് കൂടിയാണ്. അമരീന്ദറിന്റെ പ്രചാരണം കോൺഗ്രസ് ഹൈക്കമാൻഡിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്.
നിലവിൽ പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടാതെയാണ് കോൺഗ്രസിന്റെ പ്രവർത്തനം.
ചന്നിയെ തഴയരുത്
അമരീന്ദർ സിംഗ് പാർട്ടിവിട്ട ശേഷം മുഖ്യമന്ത്രി ആയ ചരൺജിത് സിംഗ് ചന്നിയെ പാർട്ടി അവിശ്വസിക്കരുതെന്നും മൂന്നുമാസം മാത്രം മുഖ്യമന്ത്രി ആയിട്ടുള്ള ചന്നിയെ അധികാരം കിട്ടിയാൽ സ്ഥാനത്തുനിന്ന് മാറ്റരുതെന്നും ആവശ്യപ്പെട്ട് കപൂർത്തല എംഎൽഎയും കാബിനറ്റ് മന്ത്രിയുമായ റാണ ഗുർജീത് സിംഗ് രംഗത്തുവന്നു.
ചന്നിയുടെ പ്രവർത്തനം മികച്ചതായിരുന്നു, പിന്നെന്തിനാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേതൃത്വം ഉയർത്തിക്കാട്ടാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.
മികച്ച മുന്നേറ്റം
ബിജെപി ഇത്തവണ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്, ശിരോമണി അകാലിദൾ എന്നിവരുമായി സഖ്യത്തിലാണ് പഞ്ചാബിൽ മത്സരിക്കുന്നത്.
ആകെയുള്ള 117 സീറ്റുകളിൽ ബിജെപി 65 സീറ്റിലും പഞ്ചാബ് ലോക് കോണ്ഗ്രസ് 37 സീറ്റിലും ശിരോമണി അകാലിദൾ 15 സീറ്റിലും മത്സരിക്കും.
അമരീന്ദറിന്റെ ചിറകിലേറി പഞ്ചാബിൽ മികച്ചൊരു മുന്നേറ്റം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
അതേസമയം, കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളും ഭരണവിരുദ്ധ വികാരവും തങ്ങൾ ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി പാർട്ടി.