നടി പാര്‍വതി കസബ എന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വിവാദത്തിന്റെ അത്യുന്നതിയിലേയ്ക്ക് എത്തിയിരിക്കുന്നത്. വിവാദം ഏതാണ്ട് കെട്ടടങ്ങി വന്ന സമയത്ത് സംവിധായകന് ജൂഡ് ആന്റണി നടത്തിയ പരാമര്‍ശം വിഷയത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി നടന് സിദ്ദിഖ് രംഗത്തെത്തിയിരിക്കുന്നു. എല്ലാവര്ക്കും അവരവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്യമുണ്ടെന്നും അതോടൊപ്പം തന്നെ അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകള്‍ നേരിടാന്‍ തയ്യാറാകണമെന്നും സിദ്ദിഖ് പറഞ്ഞു. പാര്‍വതി പറഞ്ഞതിനെക്കുറിച്ച് താന്‍ മമ്മൂട്ടിയോട് നേരിട്ട് ചോദിച്ചുവെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ…
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന വിഷയം പാര്‍വതിയും, കസബയും, മമ്മൂട്ടിയും ഒക്കെയാണല്ലോ? പലരുടെയും അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ എനിക്കും ഇതേക്കുറിച്ച് രണ്ടു വാക്ക് പറയണമെന്ന് തോന്നി. സംഭവിച്ചതെന്താണ്? ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് ഒരു ചടങ്ങില്‍ വെച്ച് നടി പാര്‍വതി പറഞ്ഞു. കസബ എന്ന സിനിമയില്‍ മമ്മുട്ടി സ്ത്രീകളോട് മോശമായ തരത്തില്‍ പെരുമാറുകയോ അവരെ ഇകഴ്ത്തി സംസാരിക്കുകയോ ചെയ്യുന്ന ഒരു സീനുണ്ട്. അത് കണ്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. മമ്മുട്ടിയെ പോലുള്ള ഒരു നടന് അത് ചെയ്യാന്‍ പാടില്ലായിരുന്നു. ഇതായിരുന്നു ആ കുട്ടി പറഞ്ഞത്. അത് ആ കുട്ടിയുടെ അഭിപ്രായമാണ്. ആര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു നാടാണ് നമ്മുടേത്.
നമ്മള് ഒരു അഭിപ്രായം പറയുമ്പോള്‍ അതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടാവാം. എതിര്‍ക്കുന്നവര്‍ അവരുടെ എതിര്‍പ്പുകള്‍ അവരവരുടെ ഭാഷയില്‍ പ്രകടിപ്പിച്ചു എന്നിരിക്കും. അത് കേട്ട് വിറളി പിടിച്ചിട്ടു കാര്യമില്ല. പാര്‍വതിയുടെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ പറഞ്ഞ കാര്യങ്ങളിലും വസ്തുത ഉണ്ടെന്നു അത് കേട്ടവര്‍ക്കും തോന്നി. നമ്മള് ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കുമ്പോള്‍ അതിനെ തുടര്‍ന്നുണ്ടാവുന്ന ഭവിഷ്യത്തുകള്‍ കൂടി മുന്നില്‍ കാണേണ്ടേ? അല്ലാതെ ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ എല്ലാവരും കേട്ടുകൊള്ളണം, അതിനെ എതിര്‍ത്ത് ആരും ഒന്നും പറയാന്‍ പാടില്ല എന്ന് ചിന്തിക്കുന്നത് ശരിയാണോ? ഇന്നിപ്പോ മറ്റൊരു സഹോദരി ഇറങ്ങിയിടുണ്ട്, പാര്‍വതിയെ എതിര്‍ക്കുന്നവരെയെല്ലാം മമ്മൂട്ടി അടക്കി ഇരുത്തണമെന്ന് പറഞ്ഞു കൊണ്ട്.
മമ്മൂട്ടിക്ക് അതാണോ പണി? മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാര്‍വതിയെ തെറി വിളിച്ചത്? അതിനുള്ള വഴി ഒരുക്കിക്കൊടുത്തത് പാര്‍വതി തന്നെയല്ലേ? അപ്പൊ അവരെ അടക്കി നിര്‍ത്താനുള്ള ബാദ്ധ്യത അല്ലെങ്കില്‍ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത പാര്‍വതിക്ക് തന്നെയാണ്. പാര്‍വതിയുടെ പ്രസംഗം കേട്ട അന്ന് തന്നെ ഞാന്‍ മമ്മൂക്കയോട് ഇതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ടാണ് പറഞ്ഞത് ‘കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ.’ പാര്‍വതിയുടെ അത്രയും അറിവോ ഇംഗ്ലീഷ് പരിജ്ഞാനമോ അഭിനയശേഷിയോ ഒന്നും എനിക്കില്ല.
ആകെ ഉള്ളത് ആ കുട്ടിയുടെ അച്ഛന്റെ പ്രായം മാത്രം. (അതും എന്റെ മിടുക്കല്ല). ആ പ്രായം വച്ചുകൊണ്ടു ഒരു കാര്യം പറഞ്ഞോട്ടെ, കുട്ടീ നമ്മളൊക്കെ ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരല്ലേ അവിടെ ഞങ്ങള്‍ പെണ്ണുങ്ങള്, നിങ്ങള്‍ ആണുങ്ങള് എന്നൊക്കെ വേണോ? നമ്മള് നമ്മള് എന്ന് മാത്രം പോരേ. മേല്പറഞ്ഞതു എന്റെ അഭിപ്രായമാണ്. എതിര്‍പ്പുള്ളവര്‍ ഉണ്ടാകും. അവരുടെ എതിര്‍പ്പുകള്‍ ക്ഷമയോടെ കേള്‍ക്കാനുള്ള സഹിഷ്ണുതയും എനിക്കുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് എന്റെ സഹപ്രവര്‍ത്തകരെ മറ്റുള്ളവര്‍ തെറി വിളിക്കുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അത്ര മാത്രം.