‘വില്ലന്‍’ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് നടന്‍ സിദ്ധിഖ്; നടന്‍ ഇങ്ങനെ പറയാനുള്ള കാരണം അമ്പരപ്പിക്കുന്നത്

മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ആക്ഷന്‍ ചിത്രം വില്ലന്‍ തീയറ്ററുകളെ കീഴടക്കി മുന്നേറുകയാണ്. എന്നാല്‍ സിനിമയ്‌ക്കെതിരേ വ്യാപകമായ മോശം പ്രചരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്. ചിത്രത്തെ പ്രശംസിച്ചും ധാരാളം ആളുകള്‍ എത്തുന്നുണ്ട്. ഏറ്റവും പുതുതായി സിനിമയെ പ്രശംസിച്ച് എത്തിയത് നടന്‍ സിദ്ധിഖ് ആണ്. വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടതില്ലായിരുന്നു എന്ന ആമുഖത്തോടെയാണ് സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ…

വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നുന്നതിനു കാരണം ഇതാണ്. ഞാന്‍ ഇന്നലെയാണ് ‘വില്ലന്‍’ സിനിമ കണ്ടത്. ഈ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അഭിനയിച്ചില്ലായിരുന്നെങ്കില്‍ ഈ സിനിമയേക്കുറിച്ചു എനിക്ക് തോന്നിയ അഭിപ്രായം തുറന്നു പറയാമായിരുന്നു. ഇതിപ്പം എന്റെ സിനിമയല്ലേ? ഞാന്‍ എന്ത് അഭിപ്രായം പറഞ്ഞാലും അത് സിനിമയെ പ്രൊമോട്ട് ചെയ്യാനാണെന്നേ എല്ലാവരും കരുതുകയുള്ളു. എന്നാലും എനിക്ക് പറയാനുള്ളത് പറയാതിരിക്കാന്‍ പറ്റുന്നില്ല.

ഞാന്‍ ഈ അടുത്തകാലത്തു കണ്ടതില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമയാണ് ‘വില്ലന്‍’. വ്യക്തി ബന്ധങ്ങളുടെ ആഴങ്ങള്‍ ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. മോഹന്‍ലാലും മഞ്ജുവും തമ്മില്‍, ഞാനും മോഹന്‍ലാലും തമ്മില്‍, വിശാലും ഹന്‍സികയും ഒക്കെ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് എന്തൊരു ദൃഢതയാണ്! ഒരാള്‍ മറ്റൊരാള്‍ക്കു വേണ്ടി ചെയ്യുന്ന ത്യാഗങ്ങള്‍, കരുതലുകള്‍ ഒക്കെ എത്ര ഭംഗി ആയിട്ടാണ് ഈ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

നമ്മുടെ സാമാന്യ യുക്തിക്കു നിരക്കാത്ത ഒരു സസ്‌പെന്‍സിലൂടെ പ്രേക്ഷകരെ ‘ഞെട്ടിക്കാന്‍’ സംവിധായകന്‍ ശ്രമിച്ചിട്ടില്ല എന്നത് ഒരു പോരായ്മയായി എനിക്ക് തോന്നിയില്ല. സ്വപ്നലോകത്തു നിന്ന് ഇറങ്ങി വന്നു നമ്മളെ കൊണ്ട് കയ്യടിപ്പിച്ചു കടന്നു പോകുന്ന ഒരു നായകന്‍ ഈ ചിത്രത്തിലില്ല. പകരം ജീവിത യാഥാര്‍ത്യങ്ങള്‍ കണ്ടു പതം വന്ന ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ് ഇതിലെ നായകന്‍.

ജീവിതത്തില്‍ ഒരാള്‍ അനുഭവിക്കേണ്ടി വരുന്ന തീക്ഷ്ണമായ വേദന മഞ്ജു വാരിയര്‍ എന്ന അഭിനേത്രിയുടെ ഒരു കണ്ണിലൂടെ നമുക്ക് കാണാം. നന്നായി അഭിനയിക്കുമ്പോഴല്ല അഭിനയിക്കാതിരിക്കുമ്പോഴാണ് ഒരു നടന്‍ നല്ല നടനായി മാറുന്നതെന്ന് മലയാളിയെ മനസിലാക്കി തന്ന മോഹന്‍ലാല്‍, ഒരു നടന്‍ എന്ന നിലയ്ക്ക് ഞാന്‍ ഇനി എന്തെല്ലാം പഠിക്കാനിരിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ എന്നെ ബോധ്യപ്പെടുത്തുന്നു. സാങ്കേതികത്തികവില്‍ മലയാള സിനിമ മറ്റു ഭാഷാ ചിത്രങ്ങളോട് മത്സരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്നു.

തുടക്കത്തില്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ മാറ്റി പറയുന്നതില്‍ എന്നോട് ക്ഷമിക്കണം. ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. കാരണം വില്ലന്‍ ബി ഉണ്ണിക്കൃഷ്ണന്റെയൊ , മോഹന്‍ലാലിന്റെയൊ വിശാലിന്റെയൊ മാത്രം സിനിമയല്ല, എന്റെയും കൂടിയല്ലേ..ഈ സിനിമക്ക് എല്ലാ വിജയാശംസകളും നേര്‍ന്നുകൊണ്ട് നിങ്ങളുടെ സ്വന്തം സിദ്ധിഖ്.

 

Related posts