വാർത്താ സമ്മേളനത്തിൽ സിദ്ദിഖും ജഗദീഷും ഭായി ഭായി; ഡബ്ല്യൂസിസി അമ്മയുടെ ചോരയൂറ്റി കുടിക്കുന്നുവെന്ന് ബാബുരാജ്

കൊച്ചി: കഴിഞ്ഞ ദിവസം വ്യത്യസ്ത നിലപാടുകൾ പറഞ്ഞ് പോരടിച്ച അമ്മ ഭാരവാഹികളായ സിദ്ദിഖും ജഗദീഷും ഇന്ന് പിണക്കം മറന്ന് ഒന്നിച്ചു. അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഇരുവരും അടുത്തടുത്താണ് ഇരുന്നത്. തങ്ങൾ തമ്മിൽ പ്രശ്നമൊന്നുമില്ലെന്നും ഇരുവരും വ്യക്തമാക്കുകയും ചെയ്തു.

താനും സിദ്ദിഖും പറഞ്ഞത് ഒരേകാര്യം തന്നെയാണെന്ന് ജഗദീഷ് പറഞ്ഞു. താൻ മാധ്യമങ്ങളെ നേരിട്ട് കാണാതെ വാർത്താക്കുറിപ്പ് ഇറക്കുകയാണ് ചെയ്തത്. സിദ്ദിഖ് വാർത്താസമ്മേളനം വിളിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് വ്യത്യസ്ത നിലപാടായി തോന്നിയത്. താൻ ശാന്തനായി പ്രതികരിക്കുന്നയാളാണെന്നും സിദ്ദിഖ് രോഷത്തോടെ സംസാരിക്കുമെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

അമ്മയുടെ ഒൗദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ താൻ ഇട്ട വോയ്സ് ക്ലിപ്പിനെയും ജഗദീഷ് ന്യായീകരിച്ചു. ഇടിച്ചു ഷെയ്പ് മാറ്റുമെന്ന് വരെ സിദ്ദിഖ് പറഞ്ഞിട്ടുണ്ടെന്നും എന്നിട്ട് എന്‍റെ ഷെയ്പ് മാറിയോ എന്നും ജഗദീഷ് ചോദിച്ചു.

ജഗദീഷുമായി ഒരു പ്രശ്നവുമില്ലെന്നും അമ്മയിൽ ചേരിതിരിവില്ലെന്നും സിദ്ദിഖും വ്യക്തമാക്കി. നടിമാർ തിരിച്ചുവരാൻ മാപ്പ് പറയണമെന്ന് പറഞ്ഞത് കെപിഎസി ലളിതയാണ്. വളരെ മുതിർന്ന അംഗമായ അവർ കാലങ്ങളായി നടന്നുവരുന്ന കാര്യമൊന്നു സൂചിപ്പിച്ചുവെന്നേയുള്ളൂ. അതിൽ തെറ്റായിട്ടൊന്നും കാണേണ്ടെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

ഡബ്ല്യൂസിസി അമ്മയുടെ ചോരയൂറ്റി കുടിക്കുന്നുവെന്ന് ബാബുരാജ്

കൊച്ചി: ഡബ്ല്യൂസിസിക്കെതിരേ രൂക്ഷ വിമർശനവുമായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാബുരാജും സിദ്ദിഖും രംഗത്ത്. അമ്മയിലിരുന്ന് ചോരയൂറ്റിക്കുടിച്ച് വളരാനാണ് ഡബ്ല്യൂസിസി ശ്രമിക്കുന്നതെന്ന് നടൻ ബാബുരാജ് ആരോപിച്ചു. ഇവർ എന്തിനാണ് എല്ലാ കാര്യത്തിനും സംഘടനയെ കുറ്റം പറഞ്ഞു നടക്കുന്നതെന്നും പ്രസിഡന്‍റ് മോഹൻലാലിനെതിരേ വ്യക്തിപരമായ അധിക്ഷേപം ഉന്നയിക്കുകയാണെന്നും ബാബുരാജ് ആരോപിച്ചു.

ഡബ്ല്യൂസിസിക്ക് ഗൂഢ അജണ്ടകളുണ്ടെന്ന് താൻ സംശയിക്കുന്നുവെന്ന് പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുയാണെന്ന് സിദ്ദിഖും പറഞ്ഞു. ഗൂഢ അജണ്ടയില്ലെങ്കിൽ പിന്നെന്തിനാണ് സംഘടനയെ പൊതുജന മധ്യത്തിൽ അവഹേളിക്കാൻ ശ്രമിക്കുന്നത്. സംഘടനയ്ക്കുള്ളിൽ നിന്ന് സംഘടനയെ മോശമായി ചിത്രീകരിക്കുന്ന പരിപാടിയാണ് ഡബ്ല്യൂസിസി നടിമാർ ചെയ്യുന്നതെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

Related posts