സ്വന്തം ലേഖിക
കൊച്ചി: “ഞാനും ലാലുമൊക്കെ മിമിക്രിയില്‍ നിന്നാണ് തുടങ്ങിയത്. ഞങ്ങളുടെ ഒരു ഭാഗ്യമായിരുന്നു മിമിക്രി. കലാഭവനിലൂടെയാണ് ഞങ്ങളുടെ തുടക്കം.
മിമിക്രിക്കാരായിട്ടുള്ളവരെ കാണുമ്പോള്‍ നമുക്കും വലിയ സന്തോഷമാണ്. നമ്മുടെ മേഖലയിലേക്ക് അവര്‍ വരുന്നതുകാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ട്’ – സംവിധായകന് സിദ്ദിഖ് ജഡ്ജായി എത്തിയ വേദിയില്‍ അദേഹത്തിന്റെ ഈ ഡയലോഗ് പറഞ്ഞ് കൈയടി നേടിയ മിമിക്രിതാരം സര്‍ജി വിജയന് ചെല്ലാനം സിദ്ദിഖിന്റെ ഓര്‍മകളില്‍ തേങ്ങുകയാണ്.
കഴിഞ്ഞ 11 വര്‍ഷമായി സിദ്ദിഖിന്റെ അപരനായി സര്‍ജി മിമിക്രി വേദികളിലുണ്ട്. 50 ലധികം വേദികളില്‍ ഇദ്ദേഹം സിദ്ദിഖിന്റെ ഡ്യൂപ്പായി എത്തി.
2011 ല്‍ സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയായ കോമഡി കിംഗ്സിലൂടെയായിരുന്നു സിദ്ദിഖിന്റെ അപരനായി സര്‍ജിയുടെ അരങ്ങേറ്റം. അന്ന് മിമിക്രിതാരങ്ങളായ രാജേഷ് പറവൂര്‍, സാജു നവോദയ എന്നിവരുടെ സ്കിറ്റില്‍ സിദ്ദിഖിന്റെ ഡ്യൂപ്പായി എത്തി പ്രേക്ഷകരെ ഞെട്ടിച്ചു.
2012 ല്‍ മറ്റൊരു ചാനലിലെ കോമഡി ഫെസ്റ്റിവലിലൂടെയാണ് സിദ്ദിഖിന്റെ ഡ്യൂപ്പായി എത്തി സംവിധായകനെ ഞെട്ടിച്ചത്. ‘നടന്മാരുടെ ഡ്യൂപ്പുകളെ കണ്ടിട്ടുണ്ട്.
പക്ഷേ സംവിധായകരുടെ ഡ്യൂപ്പിനെ കാണുന്നത് ആദ്യമായിട്ടാണ്. എനിക്കും ഒരു ഡ്യൂപ്പ് ഉണ്ടായതില്‍ സന്തോഷമുണ്ട്’- പ്രോഗ്രാം കണ്ട ശേഷം സംവിധായകന് സിദ്ദിഖ് പറഞ്ഞ ഈ വാക്കുകള്‍ അവാര്‍ഡിനു തുല്യമാണെന്നാണ് സര്‍ജി പറയുന്നത്.
ഷോയ്ക്കു മുന്നെ തന്റെ അപരനെ പരിചയപ്പെട്ട സിദ്ദിഖ് സര്‍ജിയുടെ ആഗ്രഹം എന്താണെന്ന് ചോദിച്ചറിഞ്ഞിരുന്നു. ഷോയുടെ മൂല്യനിര്‍ണയ സമയത്തും സിദ്ദിഖ് ഈ ചോദ്യം ആവര്‍ത്തിച്ചു.
സാറിനെ പോലെ സംവിധായകനും സ്ക്രിപ്റ്റ് റൈറ്ററുമൊക്കെ ആകാനാണ് ആഗ്രഹമെന്ന് ആ വേദിയില്‍ വച്ച് പറയാനുള്ള അവസരം തന്നത് അദ്ദേഹത്തിന്റെ വലിയ മനസാണെന്ന് സര്‍ജി പറയുന്നു.
മറ്റൊരു ചാനലിലെ ലൈവ് അവാര്‍ഡ് നൈറ്റ് സിദ്ദിഖായിരുന്നു സംവിധാനം ചെയ്തത്. അതില്‍ അദ്ദേഹത്തിന്റെ ഡ്യൂപ്പിനെ കേന്ദ്രീകരിച്ചുള്ള സ്കിറ്റില്‍ വേദിയിലെത്താന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ ബോഡി ഗാര്‍ഡ് എന്ന ചിത്രം റിലീസ് ആയ ശേഷമാണ് ഞാന്‍ ഷോ കൂടുതലായും ചെയ്തു തുടങ്ങിയത്.
എന്നിലെ കലാകാരനെ ആരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ അത് സിദ്ദിഖ് സാറിന്റെ രൂപസാദൃശ്യമുള്ളതുകൊണ്ടാണെന്ന് സര്‍ജി പറയുന്നു. ചെല്ലാനം കൊണ്ടേത്തറയില് വീട്ടില്‍ താമസിക്കുന്ന സര്‍ജി പാരഡി ഗാനങ്ങളെഴുതിയാണ് മിമിക്രി രംഗത്തേക്ക് എത്തിയത്. ഇന്ന് തന്റെ പ്രിയപ്പെട്ട കലാകാരന് യാത്രാമൊഴിയേകാന്‍ സര്‍ജിയും എത്തുന്നുണ്ട്.