കൊച്ചി: സിനിമ സംഘടനാമേഖലയില് കരുത്താര്ജിച്ച സിദ്ദിഖിന്റെ അപ്രതീക്ഷിത പതനമായിരുന്നു ഇന്നലെ രാജിയിലൂടെ സംഭവിച്ചത്.
24 വര്ഷക്കാലം താരസംഘടന അമ്മയുടെ ഭരണസമിതിയില് അംഗമായി പ്രവര്ത്തിച്ച സിദ്ദിഖ് കഴിഞ്ഞ ജൂണ് 30 നാണ് ജനറല് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ നേതൃത്വവും പുതിയ ആശയങ്ങളുമായി മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായേറ്റ പ്രഹരമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ പുറത്തുവരവും തുടര്ന്നുണ്ടായ വെളിപ്പെടുത്തലുകളും.
റിപ്പോര്ട്ടിലെ പരാമര്ശങ്ങളേറെയും സംഘടനയെ ചോദ്യമുനയില് നിര്ത്തിയതോടെ പുതിയ ഭരണനേതൃത്വം പരുങ്ങലിലായി. എന്തു പറയണം, എങ്ങനെ പ്രതികരിക്കണം എന്നറിയാതെ കുറച്ചുദിവസം ഒഴിഞ്ഞു നടന്നു. സംഘടനയ്ക്കുള്ളില്നിന്നു തന്നെ അപസ്വരങ്ങള് ശക്തമായതോടെ പ്രതികരിക്കാതിരിക്കാനാകാത്ത അവസ്ഥയിലായി.
പ്രസിഡന്റ് മോഹന്ലാലിന്റെ അഭാവത്തില് പിന്നെ ആ ചുമതല ഏറ്റെടുത്തത് ജനറല് സെക്രട്ടറി സിദ്ദിഖാണ്. ആരെ കൊള്ളണം, ആരെ തള്ളണമെന്ന വിഷമാവസ്ഥയിലാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു സിദ്ദിഖിന്റെ പ്രതികരണങ്ങളേറെയും. സിദ്ദിഖ് സ്വീകരിച്ച ഒഴുക്കന് നിലപാടിനെ ജഗദീഷും ഉര്വശിയും ഉള്പ്പെടെയുള്ള താരങ്ങള് നിശിതമായി വിമര്ശിച്ചു.
അതിന്റെ പൊരുള് എന്താണെന്ന് സംശയിച്ചവര്ക്കുള്ള മറുപടിയായിരുന്നു തൊട്ടടുത്തദിവസം യുവനടിയില്നിന്ന് ഉണ്ടായ വെളിപ്പെടുത്തലും തുടര്ന്നുള്ള രാജിയും.
ജനറല് സെക്രട്ടറിയായി സ്ഥാനമേറ്റ് 55-ാമത്തെ ദിവസമായിരുന്നു രാജി. ആരോപണം നേരിടുന്ന ഒരാള് സംഘടനയുടെ തലപ്പത്തിരിക്കുന്നത് ശരിയല്ലെന്നു സഹപ്രവര്ത്തകരില്നിന്നുപോലും അഭിപ്രായം വന്നതോടെ രാജിയല്ലാതെ മറ്റൊരു മാര്ഗം ഉണ്ടായിരുന്നില്ല.
2000ല് സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില് അംഗമായ സിദ്ദിഖ് പിന്നീടു വന്ന എല്ലാ കമ്മിറ്റിയിലും നിര്വാഹക സമിതി അംഗമായി. 2018ലാണ് അതിലൊരു മാറ്റം ഉണ്ടാകുന്നത്.ഇടവേള ബാബു ജനറല് സെക്രട്ടറിയായതോടെ സെക്രട്ടറി സ്ഥാനത്തേക്ക് എത്തി.
തൊട്ടടുത്ത സമിതിയില് ട്രഷററുമായിരുന്നു. അവിടെ നിന്നാണ് ജനറല് സെക്രട്ടറി സ്ഥാനത്തേക്കു വന്നത്. സിദ്ദിഖ് രാജിവച്ചതോടെ പുതിയ ജനറല് സെക്രട്ടറിയെ കണ്ടെത്തണം. അതുവരെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് ജനറല് സെക്രട്ടറിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കും.
ബാബുരാജ് അമ്മ ജനറൽ സെക്രട്ടറി
കൊച്ചി: സിദ്ദിഖ് രാജിവച്ച ഒഴിവിലേക്ക് ജോയിന്റ് സെക്രട്ടറി ബാബുരാജ് ജനറല് സെക്രട്ടറിയാകും. ‘അമ്മ’യുടെ ബൈലോ പ്രകാരം ജനറല് സെക്രട്ടറി രാജിവയ്ക്കുന്പോഴോ അഭാവത്തിലോ ആ സ്ഥാനത്തേക്ക് ജോയിന്റ് സെക്രട്ടറിയായ ആളാണു പരിഗണിക്കപ്പെടുക.