അനില്‍ തോമസ്
കൊച്ചി: കോട്ടയം മാമ്മന്‍മാപ്പിള ഹാളിലെ കലാഭവന്റെ പരിപാടി. മിമിക്സ് പരേഡിന്റെ മുഴുവന്‍ ടീമുമുണ്ട്. പരിപാടി വന്‍ വിജയമായിരുന്നു. സംഘാടകര്‍ക്ക് വലിയ സന്തോഷം.
മടങ്ങാന്‍ നേരം ഹാളിനു മുന്നില്‍ അലങ്കാരമായി വച്ചിരുന്ന ചെന്തെങ്ങിന്റെ കരിക്കിന്‍കുല വെട്ടിയെടുത്ത് സംഘാടകര്‍ വാഹനത്തില്‍ ഇട്ടു.
കരിക്കിന് കുല സന്തോഷത്തോടെ സ്വീകരിച്ചു മടങ്ങിയ സംഘം, പക്ഷേ ക്ഷീണം മൂലം യാത്രയിലുടനീളം ഉറങ്ങിപ്പോയി. കരിക്ക് കഴിക്കുന്ന കാര്യം മറന്നു.
ഓരോരുത്തര് ഓരോരോ സ്ഥലങ്ങളിൽ ഇറങ്ങിയതോടെ എറണാകുളത്തെ കലാഭവൻ കെട്ടിടത്തിനു മുന്നില്‍ വാഹനം എത്തിയപ്പോള്‍ അവശേഷിച്ചത് സിദ്ദിഖും ലാലും മാത്രം. സമയം പുലർച്ചെ ഒന്ന് കഴിഞ്ഞിരുന്നു. വാഹനത്തിന് പുറത്തിറങ്ങുന്നതിനിടെ കരിക്കിന്‍കുല കണ്ണില്‍പ്പെട്ടു.
രണ്ടുപേരും ഓരോ കുല കരിക്കുമായി കലാഭവന്‍ റോഡിലൂടെ സൊറ പറഞ്ഞ് പുല്ലേപ്പടിയിലെ വീട്ടിലേക്ക് നടക്കുന്നതിനിടെ പെട്ടെന്നാണ് രണ്ടു പോലീസുകാര്‍ മുന്നില്‍ വന്നുപെട്ടത്. സമ്മാനമായി കിട്ടിയതാണെന്നു പറഞ്ഞെങ്കിലും വിശ്വസിക്കാന്‍ പോലീസുകാര്‍ തയാറായില്ല.
കലാഭവന്റെ മിമിക്രി സംഘത്തിലുള്ളതാണെന്നു മറുപടികളൊന്നും പോലീസ് ചെവിക്കൊണ്ടില്ല.തേങ്ങാ മോഷ്ടിച്ചശേഷം വസ്ത്രം മാറിയതാകാമെന്നുവരെ പോലീസ് പറഞ്ഞുവച്ചു.
ഒരുപാട് അപേക്ഷിച്ചപ്പോള്‍ ഉത്തരവാദപ്പെട്ട ആരെയെങ്കിലും വിളിക്കാന്‍ ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമല്ലേ, പോരാത്തതിന് അര്‍ധരാത്രി. അപ്പോഴാണ് പുല്ലേപ്പടി ജംഗ്ഷനടുത്തുള്ള മൂസക്കയുടെ ചായക്കട ഓര്മ വന്നത്.
അര്‍ധരാത്രിയിലും തുറന്നിരിക്കുന്ന കട. പരിപാടി കഴിഞ്ഞ് വരുമ്പോള്‍ മിക്കവാറും ഇവിടെനിന്നാണ് ഇരുവരുടെയും അത്താഴം.
കവര്‍ച്ചയ്ക്കിടെ പിടിക്കപ്പെട്ടവരെപ്പോലെ കരിക്കിന്‍കുലയും തോളിലേറ്റി പോലീസുകാര്‍ക്ക് നടുവിലൂടെ മൂസക്കയുടെ കടയിലേക്കു നടത്തം. മൂസക്കയെ കണ്ട് ഉറപ്പാക്കിയശേഷമാണ് സിദ്ദിഖിനെയും ലാലിനെയും പോകാന്‍ പോലീസ് അനുവദിച്ചത്.