കൊച്ചി: നടൻ സിദ്ദിഖിന്റെ മകന്റെ കൂട്ടുകാരെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് ബന്ധുക്കൾ. സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. പോലീസ് സംഘം പുലർച്ചെ ഇവരുടെ വീടുകളിലെത്തി സിദ്ദിഖ് എവിടെയെന്ന് ചോദിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു.
നടപടിക്രമം പാലിക്കാതെ പുലർച്ചെ ഉണ്ടായ പോലീസ് കസ്റ്റഡിക്കെതിരേ യുവാക്കളുടെ കുടുംബം കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു.
അതേസമയം, സിദ്ദിഖിന്റെ ഫോൺ ഇപ്പോഴും ഓഫാണ്. കഴിഞ്ഞ തിങ്കൾ മുതൽ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലായാണ് താരം ഒളിവിൽ കഴിയുന്നത്. ആദ്യഘട്ടങ്ങളിൽ തെരച്ചിൽ ഊർജിതമാക്കിയ അന്വേഷണ സംഘം ഇപ്പോൾ നടപടികളുടെ വേഗത കുറച്ചു. ഇതിന് പിന്നാലെയാണ് മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തത്.