തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടൻ സിദ്ദിഖിനെതിരെ മ്യൂസിയം പോലീസ് ബലാത്സംഗക്കുറ്റും ചുമത്തി കേസെടുത്തു. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മാസ്ക്കറ്റ് ഹോട്ടലിൽ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി.
2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് നടി പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിക്ക് ഇ-മെയിൽ മുഖേന നൽകിയ പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. ഇതേ തുടർന്ന് മ്യൂസിയം പോലീസാണ് സിദ്ദിഖിനെതിരെ കേസെടുത്തത്.
ഭാരതീയ ന്യായ് സംഹിതയിലെ വകുപ്പ് 376 (ബലാത്സംഗം,), 509 ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ യുവനടി നേരത്തെ മാധ്യമങ്ങളിലൂടെ സിദ്ദിഖിനെതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറല് സെക്രട്ടറി സ്ഥാനത്തുനിന്നു രാജി വച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ പോലീസ് നടിയെ വിളിച്ചുവരുത്തി മൊഴിയെടുക്കും.
സിദ്ദിഖിനെതിരെയുള്ള പരാതി പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. അതേ സമയം യുവനടിക്കെതിരേ സിദ്ദിഖ് ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. ആരോപണത്തിന് പിന്നില് പ്രത്യേക അജണ്ടയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് സിദ്ദിഖ് പരാതില് ആവശ്യപ്പെടുന്നത്. ഈ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് എഡിജിപി. എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ, ഡിഐജി. അജിതാ ബീഗം, വനിതാ ഐപിഎസ് ഓഫീസർമാരായ പൂങ്കുഴലി, ഐശ്വര്യ ഡോങ്കറെ, മെറിൻ ജോസഫ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ചലച്ചിത്ര രംഗത്തെ വനിതകൾ വെളിപ്പെടുത്തിയ പരാതികളെക്കുറിച്ച് അന്വേഷണം നടത്തുന്നത്. സംവിധായകന് രഞ്ജിത്തിനെതിരേ ബംഗാളി നടി നല്കിയ പരാതിയില് കൊച്ചി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.