കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ നടന് സിദ്ദിഖിനെ നാലാം ദിവസവും കണ്ടെത്താനാവാതെ ഇരുട്ടില്‍ തട്ടി പോലീസ്. സിദ്ദിഖിനെ കണ്ടു കിട്ടുന്നവര്‍ അറിയിക്കണമെന്ന മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് തെരയുകയാണ് പ്രത്യേക അന്വേഷണ സംഘം.
ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലീഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവര്‍ പോലീസിനെ അറിയിക്കണമെന്നുമാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ നോട്ടീസിലുള്ളത്.
കഴിഞ്ഞ ദിവസംവരെ കൊച്ചി നഗരത്തിലടക്കം അന്വേഷണസംഘം വ്യാപക തെരച്ചില്‍ നടത്തിയിരുന്നെങ്കിലും നിലവില്‍ അന്വേഷണം മന്ദഗതിയിലാണ്. തിടുക്കത്തില്‍ അറസ്റ്റ് ചെയ്യേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിലിന് വേഗത കുറച്ചിട്ടുള്ളതെന്നാണ് വാദം.
സിദ്ദിഖ് രാജ്യത്തിന് പുറത്തേക്ക് കടക്കാതിരിക്കാനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും സിദ്ദിഖിനെതിരായ ലുക്കൗട്ട് നോട്ടീസ് പതിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നടന്റെയും സുഹൃത്തുക്കളുടേയും വീടുകള്‍ പോലീസ് നിരീക്ഷണത്തിലാണ്.
ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും
അതേസമയം, മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ഹര്‍ജി കഴിഞ്ഞ ദിവസം കോടതി രജിസ്റ്റര്‍ ചെയ്തിരുന്നു. കള്ള സാക്ഷിയെ അതിജീവിത സൃഷ്ടിച്ചു എന്നാണ് സിദ്ദിഖ് ആരോപിക്കുന്നത്. മാസ്ക്കറ്റ് ഹോട്ടലില്‍ തന്റെ മുറിയിലേക്ക് എത്തിച്ച ആള് എന്ന നിലയിലാണ് കള്ള സാക്ഷിയെ സൃഷ്ടിച്ചിരിക്കുന്നത്. നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ താന്‍ പോലീസില്‍ പരാതി നല്കി.
ഇതിന് പിന്നാലെയാണ് അതിജീവിത പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിക്കുന്നു. പേരക്കുട്ടി അടക്കമുള്ള കുടുംബത്തിലെ 65 വയസുള്ള, മുതിര്‍ന്ന അംഗമാണ് താന്‍.
നിരവധി പുരസ്കാരങ്ങളും അംഗീകാരവും ലഭിച്ച തന്റെ പേരില്‍ മറ്റു ക്രിമിനല്‍ കേസ് ഇല്ലെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടുന്നു. തടസഹര്‍ജിയുമായി സര്‍ക്കാരും സുപ്രീംകോടതിയെ സമീപിക്കും. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലില്‍ പീഡനത്തിനിരയായതെന്നാണു നടി പോലീസിനോടു വെളിപ്പെടുത്തിയത്. സിദ്ദിഖ് അഭിനയിച്ച “സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തെ കണ്ടതെന്നായിരുന്നു മൊഴി.