കാസര്‍ഗോഡ്: വിദേശത്തു നടന്ന സാമ്പത്തിക ഇടപാടിന്റെ പേരില്‍ അധോലോക സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അബൂബക്കര്‍ സിദ്ദിഖിന് നേരിടേണ്ടിവന്ന രക്തമുറയുന്ന തരത്തിലുള്ള ക്രൂരപീഡനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നും സൂചന.
പൈവളിഗെയിലെ വിജനമായ സ്ഥലത്തെ വീട്ടിലെത്തിച്ച് മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി ഇടതടവില്ലാതെ ഇരുമ്പുവടികൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് സിദ്ദിഖിനൊപ്പം ബന്ദിയാക്കപ്പെട്ട സഹോദരന് അന്‍വറും ബന്ധു അന്‍സാരിയും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
പേശികള്‍ ചതഞ്ഞിളകി
സിദ്ദിഖിന്റെ ശരീരത്തിലെ പല ഭാഗങ്ങളിലും പേശികള്‍ ചതഞ്ഞിളകി വെള്ളംപോലെയായ അവസ്ഥയിലായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ശിക്ഷാവിധിയുടെ ഭാഗമായി ചാട്ടവാറടിയേറ്റവരിലാണ് ഇങ്ങനെ കാണാറുള്ളത്.
കാല്‍വെള്ളയിലും ശരീരത്തിന്റെ പിന്‍ഭാഗത്തുമാണ് അടികളെല്ലാം ഏറ്റിരുന്നത്. ഇതിനിടയില്‍ തലയിലേറ്റ കനത്ത അടിയാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക സൂചന.
ബോധം മറയുന്പോൾ
സിദ്ദിഖ് എത്തുന്നതിന് രണ്ടുദിവസം മുമ്പേ ബന്ദിയാക്കപ്പെട്ട അന്‍വറിനും അന്‍സാരിക്കും ചെറിയ ഇടവേളകളൊഴിച്ചാല്‍ മിക്ക സമയങ്ങളിലും സമാനമായ ക്രൂര മര്‍ദനമാണ് ഏൽക്കേണ്ടിവന്നത്.
പലപ്പോഴും ഏറെക്കുറെ ബോധം നഷ്ടപ്പെടുമ്പോഴാണ് മര്‍ദനം അവസാനിപ്പിച്ചിരുന്നത്. അതിനിടയിലെല്ലാം പണത്തിന്റെ കാര്യവും ചോദിച്ചിരുന്നു.
ഇതിനിടയില്‍ സംഘത്തിന്റെ നിര്‍ദേശപ്രകാരം വീട്ടിലേക്ക് ഫോണ്‍ വിളിച്ച് സുരക്ഷിതരായി ഒരിടത്തുണ്ടെന്നും സിദ്ദിഖിനെ കഴിവതും വേഗം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പണം തിരികെ കിട്ടിയതിനാല്‍
ഒടുവില്‍ സിദ്ദിഖിനെ കൈയില്‍ കിട്ടിയപ്പോഴാണ് സംഘം ഇവരെ മര്‍ദിക്കുന്നത് അവസാനിപ്പിച്ചത്. സിദ്ദിഖിന് എന്താണ് സംഭവിച്ചതെന്ന കാര്യം ആശുപത്രിയിലെത്തുന്നതുവരെ ഇവരും അറിഞ്ഞിരുന്നില്ല.
സിദ്ദിഖില്‍ നിന്നു പണം തിരികെ കിട്ടിയതിനാല്‍ നിങ്ങളെ വിട്ടയയ്ക്കുന്നു എന്നാണ് സംഘത്തിലുള്ളവര്‍ ഇവരോട് പറഞ്ഞിരുന്നത്.
ഒരു വാഹനത്തില്‍ കയറ്റി 1000 രൂപയും നല്കി പൈവളിഗെയില്‍ ഇറക്കിവിടുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിയപ്പോഴാണ് സിദ്ദിഖിന്റെ മരണവാര്‍ത്ത അറിയുന്നത്.
വിദേശത്തേക്ക്
പോലീസ് ജാഗ്രതാനിര്‍ദേശം നല്കുന്നതിനു മുമ്പേതന്നെ കേസിലുള്‍പ്പെട്ട രണ്ട് പ്രതികള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. കൃത്യം നിര്‍വഹിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇവര്‍ രാജ്യം വിട്ടിരുന്നു.
ഇവര്‍ക്ക് ക്വട്ടേഷന്‍ നല്കിയ മഞ്ചേശ്വരത്തുനിന്നുള്ള സംഘം ഗോവയിലേക്ക് കടന്നതായും സൂചന ലഭിച്ചു. ഇവര്‍ സഞ്ചരിച്ച മൂന്ന് വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ സഹായിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
ഗോവയില്‍ നിന്നും മറ്റെവിടേക്കും മാറുന്നതിനു മുമ്പ് ഇവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പത്ത് പ്രതികളെ തിരിച്ചറിഞ്ഞതായി ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായര്‍ അറിയിച്ചു.