കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടൽവ്യാപാരി സിദ്ദിഖിന്റെ കൊലപാതകത്തിൽ തെളിവെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കാന്‍ പോലീസ്. ഇന്നലെ ചെറുതുരുത്തി താഴപ്രയിലെ തെളിവെടുപ്പ് പൂർത്തിയായി.
ഇവിടെനിന്നു പ്രതികൾ ഉപേക്ഷിച്ച സിദ്ദിഖിന്റെ എടിഎം കാർഡും ചെക്കുബുക്കും തോര്‍ത്തും കണ്ടെടുത്തു. പൊട്ടക്കിണറ്റില്‍നിന്നാണ് ഇവ കണ്ടെടുത്തത്. കാർ ഉപേക്ഷിച്ച സ്ഥലത്താണ് എടിഎം കാർഡ് ഉള്‍പ്പെടെ ഉപേക്ഷിച്ചത്.
കൊലയ്ക്കുശേഷം പ്രതികളായ ഷിബിലിയും ഫർഹാനയും അട്ടപ്പാടി ചുരത്തിൽ സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിക്കുകയും തുടർന്ന് ഫർഹാനയെ വീട്ടിലെത്തിച്ചശേഷം കാർ ഇവിടെ ഉപേക്ഷിക്കുകയുമായിരുന്നു.
ഇവിടെയുള്ള ഒരു കിണറിന്റെ അടുത്താണ് കാർ ഉപേക്ഷിച്ചത്. ഷിബിലിയുടെ സുഹൃത്തായ ഒരു സ്ത്രീ ഇവിടെ താമസിക്കുന്നുണ്ട്.മൂന്ന് വസ്തുക്കളാണ് ഷിബിലി ഇവിടെയുള്ള പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചതെന്ന് പോലീസ് പറയുന്നു. സിദ്ദിഖിന്റെ ചെക്കുബുക്ക്, തോർത്ത്, എടിഎം കാർഡ് എന്നിവ.
ഇവ കണ്ടെടുത്തിട്ടുണ്ട്. അരമണിക്കൂറിലധികം തെളിവെടുപ്പ് നീണ്ടുനിന്നു. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടൽ, ഇലക്ട്രിക് കട്ടർ, ട്രോളി എന്നിവ വാങ്ങിയ കട, അട്ടപ്പാടി ചുരം തുടങ്ങിയ ഇടങ്ങളിലാണ് തെളിവെടുപ്പ് നടത്തേണ്ടത്.
18 വയസ് മാത്രം പ്രായമുള്ള ഫർഹാന ആസൂത്രണം ചെയ്ത ഹണിട്രാപ്പും പ്രാഫഷണൽ കില്ലർമാരെ വെല്ലുന്ന ആസൂത്രണവും അന്വേഷണ ഉദ്യോഗസ്ഥരെ വരെ അമ്പരപ്പിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിനോട് രണ്ടുപേരും സഹകരിക്കുന്നുണ്ട്.
കഴുത്തിൽ കത്തികൊണ്ട് വരച്ചു, നെഞ്ചിൽ ചവിട്ടി
കോഴിക്കോട്: ഹണി ട്രാപ്പ് കേസില്‍ ഹോട്ടല്‍ മുറിയില്‍ സിദ്ദിഖ് നേരിട്ടത് ക്രൂര മര്‍ദനമെന്ന് വ്യക്തമാക്കി കസ്റ്റഡി അപേക്ഷ. ഹോട്ടൽ മുറിയിൽവച്ച് ഷിബിലി സിദ്ദിഖിന്റെ കഴുത്തിൽ കത്തി കൊണ്ടു വരച്ചു.
നിലത്തു വീണ സിദ്ദിഖിന്റെ നെഞ്ചിൽ ആഷിക് ചവിട്ടി. മൃതദേഹം മൂന്നായി മുറിച്ചു പ്രതികൾ മുറി കഴുകി വൃത്തിയാക്കിയെന്നും കസ്റ്റഡി അപേക്ഷയിൽ വിശദമാക്കുന്നു.
ഫർഹാനയെ ഉപയോഗിച്ച് ഹോട്ടലിൽ സിദ്ദിഖിനെ കബളിപ്പിച്ച് എത്തിക്കുകയായിരുന്നു. സിദ്ദിഖിന്റെ വസ്ത്രം അഴിക്കാൻ ശ്രമിച്ചത് ഷിബിലി ആണെന്നും എതിർത്തപ്പോൾ കത്തി കഴുത്തിൽ വരഞ്ഞെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
ഷിബിലി ചുറ്റികകൊണ്ട് തലയിൽ അടിക്കുമ്പോൾ ഫർഹാന സിദ്ധിഖിനെ പിടിച്ചു കൊടുത്തുവെന്നും പോലീസ് കോടതിയില്‍ നല്കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.