കൊച്ചി: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് നടന് സിദ്ദിഖ് ഒളിവില്‍? കാക്കനാട് പടമുകളിലെയും ആലുവ എടത്തലയിലെയും വീട്ടില്‍ ഇല്ലെന്നാണ് സൂചന.
ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇന്നലെ കൊച്ചിയിലെ വീട്ടില്‍ സിദ്ദിഖ് ഉണ്ടായിരുന്നുവെന്നാണ് വിവരം. ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള തുടര്‍ നടപടികളിലേക്ക് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വേഗത്തില്‍ നീങ്ങിയേക്കും.
അതേസമയം, ഹൈക്കോടതി ഉത്തരവ് ലഭിച്ചശേഷമായിരിക്കും തുടര്‍ നടപടിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.ഹൈക്കോടതി ഉത്തരവ് ലഭിച്ചാലുടന്‍ സിദ്ദിഖിന്റെ അറസ്റ്റ് നടപടികള്‍ ഉണ്ടാകും.
കഴിഞ്ഞ ഒന്നര മാസമായി എസ്ഐടി ഈ കേസ് അന്വേഷണത്തിലായിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കാനും സിദ്ദിഖ് നീക്കം തുടങ്ങിയതായാണ് വിവരം.