കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രമുഖ നടനും താരസംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെ കണ്ടെത്താനായി തെരച്ചില്‍ വ്യാപകം. ഹർജി തള്ളി 24 മണിക്കൂര്‍ പിന്നിടുമ്പോഴും സിദ്ദിഖ് എവിടെയെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലടക്കം തെരച്ചില്‍ തുടരുകയാണ്. സിദ്ദിഖിന്റെ എറണാകുളത്തെ വീടുകളില്‍ ഇന്നലെ പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഹോട്ടലുകളില്‍ അടക്കം ഇന്ന് അര്‍ധരാത്രിവരെ നീണ്ട പരിശോധന നടന്നിരുന്നു.
പോലീസ് സംഘങ്ങളായി തിരിഞ്ഞ് പരിശോധന
സിദ്ദിഖിനെ കണ്ടെത്തുന്നതിനായി പോലീസ് സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുകയാണ്. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. സിനിമ മേഖലയിലെ സിദ്ദിഖിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്.
പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്. ഗുരുതരകുറ്റകൃത്യത്തില്‍ സിദ്ദിഖിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ട് പോലും ഉദാസീനമായ മനോഭാവമാണ് അന്വേഷണസംഘം പുലര്‍ത്തുന്നതെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം നടി കവിയൂര്‍ പൊന്നമ്മയുടെ പൊതുദര്‍ശനത്തിലടക്കം പങ്കെടുത്ത് കൊച്ചിയില്‍ തുടര്‍ന്ന സിദ്ദിഖ് കോടതി തീരുമാനം വന്നതോടെ വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസമായിട്ടും പ്രതിക്ക് ഹാജരാകാന്‍ ഒരു നോട്ടീസ് പോലും അന്വേഷണസംഘം നല്‍കിയിരുന്നില്ല.
സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്കി അതിജീവിത
അതേസമയം അതിജീവിത സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കിയിട്ടുണ്ട്. തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് അതിജീവിത സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരേ തടസഹര്‍ജി നല്‍കാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം. സിദ്ദിഖിനെതിരേയുള്ള നിലപാട് സര്‍ക്കാര്‍ കര്‍ശനമാക്കിയിരിക്കുകയാണ്.
സിദ്ദിഖ് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയേക്കും
കേസില്‍ ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ നടന് സിദ്ദിഖ് സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കിയേക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകര്‍ ദില്ലിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധിപകര്‍പ്പും കൈമാറി. അതിജീവിത പരാതി നല്കാന് വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹര്‍ജി എന്നാണ് വിവരം.
മറ്റു കേസുകളോ ക്രിമിനല്‍ പശ്ചാത്തലമോ ഇല്ലാത്ത സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും കോടതിയെ അറിയിക്കും.തെളിവ് ശേഖരിക്കാന്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യേണ്ട സാഹചര്യമില്ലെന്നും ഹര്‍ജിയിലുണ്ടാകുമെന്നാണ് സൂചന. ജാമ്യാപേക്ഷ ഫയല്‍ചെയ്താല്‍ അത് വെള്ളിയാഴ്ചയോടെ ബെഞ്ചിന് മുന്നില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സിദ്ദിഖിന്റെ നിയമസംഘം.
സാഹചര്യത്തെളിവുകള്‍ നല്കി പ്രോസിക്യൂഷന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച സംഭവമാണ് അമ്മ ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമക്കേസ്. 2016 ല്‍ സിനിമയില്‍ അവസരം വാഗ്ദാനം തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി.
മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പ്രത്യേക അന്വേഷക സംഘത്തിന് കൈമാറി. ഒന്നര മാസമായി പ്രത്യേക അന്വേഷക സംഘം കേസ് അന്വേഷിച്ചു വരികയാണ്. യുവതിയുടെ മൊഴിയും ഹോട്ടലിലെ രജിസ്റ്റര്‍ അടക്കമുള്ള രേഖകളും ഹാജരാക്കിയാണ് സാഹചര്യത്തെളിവുകള്‍ സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് ശ്രമിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമെങ്കിലും ഫേസ്ബുക്കിലെ അടക്കം ഡിജിറ്റല്‍ തെളിവുകള്‍ കോടതിയെ ബോധിപ്പിക്കാന്‍ പരാതിക്കാരിക്കായി.
ഇതോടെ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയ കേസില്‍ പ്രതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അമ്മ സംഘടനയുടെ നിലപാട് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് നടന് സിദ്ദിഖിനെതിരേ ബലാത്സംഗ പരാതിയുമായി യുവനടി രംഗത്തെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 28ന് കേസെടുത്തതിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖിന് രാജിവയ്ക്കേണ്ടി വന്നു.
പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തില്‍ തെളിവുണ്ടെന്ന് കോടതി
പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തില്‍ തെളിവുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും വിലയിരുത്തിയാണ് ജസ്റ്റീസ് സി.എസ്. ഡയസിന്റെ ഉത്തരവ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായിരിക്കെ ജാമ്യത്തില്‍ വിടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും.
സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. സിദ്ദിഖിന് ലൈംഗികശേഷി പരിശോധന നടത്തേണ്ടതുണ്ടെന്ന പ്രോസിക്യൂഷന് വാദവും കോടതി പരിഗണിച്ചു. കേസിന്റെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഹര്‍ജിക്കാരനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണ്.
കുറ്റകൃത്യം പ്രഥമദൃഷ്ട്യാ സാധൂകരിക്കുന്ന തെളിവുകളുമുണ്ട്. പോലീസില്‍ പരാതി നല്കാന് എട്ടു വര്‍ഷം വൈകിയത് ആരോപണങ്ങള്‍ വ്യാജമാണെന്നതിന് തെളിവാണെന്നായിരുന്നു സിദ്ദിഖിന്റെ വാദം. പരാതിക്കാരി നേരത്തേ സമൂഹമാധ്യമത്തില്‍ 14 പേര്‍ക്കതിരേ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്. സ്വഭാവം ഇതില്‍ നിന്ന് അനുമാനിക്കാമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാല്‍ പരാതി വൈകിയതിന് പല കാരണങ്ങളും ഉണ്ടാകാം. സമൂഹം തന്നെ എങ്ങനെ കാണുമെന്ന ആശങ്കയുണ്ടാകാം. ലൈംഗികാതിക്രമം നേരിട്ട ഒരു വനിതയുടെ അനുഭവം അവരുടെ സ്വഭാവത്തിന്റെ പ്രതിഫലനമല്ല മറിച്ച് യാതനകളുടെ സാക്ഷ്യമാണെന്നും ഹൈക്കോടതി പറഞ്ഞു.
- സ്വന്തം ലേഖിക