സീമ മോഹന്‍ലാല്‍
കൊച്ചി: സംവിധായകന് സിദിഖിന്റെ മരണവിവരം ഇന്നലെ രാത്രി അറിയുമ്പോള്‍ നടന് വിജയരാഘവന് പാലക്കാട് കിഷ്കിന്ധകാണ്ഡം എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നു.
റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ തനിക്ക് വില്ലന്‍ ടൈറ്റില്‍ നല്കിയ ആത്മസുഹൃത്തിന്റെ വിയോഗം വിജയരാഘവന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.
കഴിഞ്ഞ 35 വര്‍ഷമായി ആത്മമിത്രമായിട്ടുള്ള സിദിഖിനെ ഷൂട്ടിംഗ് തിരക്കുകളാണെങ്കിലും ഇടയ്ക്കൊക്കെ വിജയരാഘവന് ഫോണില്‍ വിളിക്കാറുണ്ട്.
ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞപ്പോഴും ബന്ധുക്കളെ വിളിച്ച് വിവരം അന്വേഷിച്ചിരുന്നു. പക്ഷേ പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വേര്‍പ്പാടില്‍ അദ്ദേഹം തേങ്ങുകയാണ്. സിദിഖിനെ അവസാനമായി കാണാന്‍ അദ്ദേഹം പാലക്കാടു നിന്ന് രാവിലെത്തന്നെ കൊച്ചിയിലേക്കു പുറപ്പെട്ടു.
“ആലപ്പുഴ കടപ്പുറത്തുവച്ചാണ് ഞാന്‍ ആദ്യമായി സിദിഖിന് പരിചയപ്പെട്ടത്. കൂടെ സംവിധായകന് ഫാസിലും ലാലുമുണ്ടായിരുന്നു.
കുടുംബസമേതം ബീച്ചു കാണാനെത്തിയ എന്നോട് റാംജി റാവ് സ്പീക്കിംഗ് എന്ന സിനിമയിലേക്കു ക്ഷണിക്കുന്ന വിവരം ആദ്യം പറഞ്ഞത് ഫാസിലായിരുന്നു.
തുടര്‍ന്ന് സിദിഖ് കഥയുടെ സാരാംശം പറഞ്ഞു. കഥ ഇഷ്ടപ്പെട്ടതുകൊണ്ട് അഭിനയിക്കാമെന്നു ഞാന്‍ സമ്മതിച്ചു. ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ വിളിക്കാമെന്നു പറഞ്ഞാണ് അന്ന് പിരിഞ്ഞത്.
ചിത്രീകരണം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞാണ് എനിക്ക് വിളി വരുന്നത്. ഫോണിലൂടെയാണ് സിദിഖ് കഥ പറഞ്ഞത്. മൂന്നു വില്ലന്മാരില് ഒരാളാണെന്നും ടൈറ്റില്‍ കഥാപാത്രമാണെന്നും പറഞ്ഞു.
വില്ലന്‍ ടൈറ്റില്‍ കഥാപാത്രമായതിനാല്‍ ഞാന്‍ വളരെയധികം ഹാപ്പിയായിരുന്നു. സെറ്റിലെത്തിയപ്പോള്‍ അദ്ദേഹം കഥ മുഴുവന്‍ പറഞ്ഞു തന്നു.
ഞാന്‍ അഭിനയിച്ചതില്‍ വച്ച് ഏറെ വ്യത്യസ്തതയുള്ള വില്ലനായിരുന്നു റാംജിറാവ് എന്ന കഥാപാത്രം. എന്നും പ്രേക്ഷക മനസില്‍ അതിന് സ്ഥാനമുണ്ട്. ഒരു നടനെന്ന നിലയില്‍ എന്നെ ജനങ്ങള്‍ ശ്രദ്ധിച്ചത് റാംജിറാവുവിലൂടെയാണ്.- വിജയരാഘവന് പറഞ്ഞു.
അച്ഛന്റെ പ്രിയപ്പെട്ട മക്കളില്‍ ഒരാള്‍
ഗോഡ് ഫാദര്‍ എന്ന ചിത്രം പ്ലാന്‍ ചെയ്തപ്പോള്‍ അഞ്ഞൂറാനായി സെലക്ട് ചെയ്തത് അച്ഛന് എന്‍.എന്‍. പിള്ളയെയായിരുന്നു. അച്ഛനെ അതില്‍ അഭിനയിപ്പിക്കാനുള്ള ചുമതല അദ്ദേഹം എന്നെയാണ് ഏല്‍പ്പിച്ചത്.
പക്ഷേ അച്ഛന് അഭിനയിക്കാന്‍ തയാറായിരുന്നില്ല. അച്ഛന് കഥ കേട്ടിട്ടു നോക്കിയിട്ട് തീരുമാനിക്കാന്‍ ഞാന്‍ പറഞ്ഞു. അങ്ങനെയാണ് അച്ഛന് ആ കഥ കേട്ടത്.
ഞങ്ങളുടെ വീട്ടിലെത്തി സിദിഖ് കഥ പറഞ്ഞപ്പോള്‍ അച്ഛനും താല്പര്യമായി. അങ്ങനെ അഭിനയിക്കാന്‍ സമ്മതിച്ചു. ഷൂട്ടിംഗ് തീരും വരെ അച്ഛനെ കെവെള്ളയില്‍ കൊണ്ടുനടക്കുംപോലെയായിരുന്നു അദ്ദേഹം കണ്ടത്.
കുട്ടനും സിദ്ദിഖും ലാലും വേണുവും എനിക്ക് നാലു ആണ്മക്കളാണെന്നായിരുന്നു അച്ഛന് എപ്പോഴും പറഞ്ഞത്- സിദിഖിന്റെ ഓര്‍മകളില്‍ വിജയരാഘവന്റെ വാക്കുകള്‍ ഇടറി.