മുക്കം: സിനിമാ സംവിധായകനും ആം ആദ്മി പാർട്ടി മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സിദ്ദീഖ് ചേന്ദമംഗല്ലൂർ പാർട്ടിയിൽ നിന്ന് രാജിവെച്ചു.
ഡൽഹി കലാപം തടയുന്നതിൽ അരവിന്ദ് കേജ്രിവാൾ പരാജയപ്പെട്ടെന്നും അക്രമം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ കെജ്രിവാളിന്റെ നിഷ്ക്രിയത്വം കാരണമായെന്നും രാജിക്കത്തിൽ പറയുന്നു.
നിറം, മതം, വരുമാനം എന്നിവ കണക്കിലെടുക്കാതെ എല്ലാ ആളുകളെയും തുല്യമായി പരിഗണിക്കുന്ന ഒരു രാജ്യം വിഭാവനം ചെയ്ത പാർട്ടിയുടെയും നേതാവിന്റെയും ഡൽഹി വംശഹത്യയിലെ നിശബ്ദത കണ്ട് ലജ്ജിച്ചുവെന്നും ദില്ലി മുഖ്യമന്ത്രിയുടെ പ്രതികരണക്കുറവും നിലപാടും അക്രമം കൂടുതൽ വ്യാപിക്കുന്നതിലേക്ക് നയിച്ചുവെന്നും സിദ്ദീഖ് ആരോപിക്കുന്നു. കെജ്രിവാളിന് ദില്ലിയിലെ ജീവനും സ്വത്തിനും സംഭവിച്ച നഷ്ടം തടയാനോ കുറക്കാനോ കഴിയുമായിരുന്നു.
എതിരാളികളായ പാർട്ടികളുമായി ബന്ധമുള്ള രാഷ്ട്രീയക്കാർ ഭീഷണിപ്പെടുത്തുമ്പോൾ അദ്ദേഹത്തിന് തന്റെ കേഡർ സജീവമാക്കുകയും ജാഗ്രത പാലിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യാമായിരുന്നു.
വടക്കുകിഴക്കൻ ദില്ലിയിലെ ചില ഭാഗങ്ങൾ ഗുണ്ടകൾ കത്തിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷവും നിശബ്ദത പാലിച്ചു.
ഭാവിയിൽ ന്യൂനപക്ഷങ്ങൾക്കും ദളിത്, പിന്നോക്കക്കാർക്കുമെതിരായ ക്രൂരമായ ആക്രമണം തടയാൻ താങ്കളും താങ്കളുടെ പാർട്ടിയും സഹായിക്കുമെന്ന് താനടക്കമുള്ള പ്രവർത്തകർ പ്രതീക്ഷിക്കുന്നതായും ഇനിയും നിശബ്ദത തുടർന്നാൽ ചരിത്രത്തിൽ കേജ്രിവാളിനെ വഞ്ചകനായി എഴുതി വെക്കപ്പെടുമെന്നും ഒരു വികസനവും മനുഷ്യജീവിതത്തേക്കാൾ മികച്ചതല്ലെന്നും സിദ്ദീഖ് ചേന്നമംഗല്ലൂർ രാജിക്കത്തിൽ വ്യക്തമാക്കുന്നു.
ഭാവി തീരുമാനങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് സിദ്ദീഖ് കൂട്ടിച്ചേർത്തു. ഡൽഹി കലാപത്തിന്റെ പശ്ചാതലത്തിൽ ആം ആദ്മി പാർട്ടിയിൽ നിന്ന് പ്രവർത്തകർ കൊഴിഞ്ഞു പോകുന്നത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.