നടി ആക്രമിക്കപ്പെട്ട സംഭവം രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതേത്തുടർന്നാണ് വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി രൂപവത്കരിക്കപ്പെട്ടത്. എന്നാൽ ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ഡബ്ല്യൂസിസി ഒന്നും ചെയ്തിട്ടില്ലെന്ന ആരോപണവുമായി നടൻ സിദ്ധിഖ്.
താരങ്ങളുടെ സംഘടനയായ അമ്മ ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി നിലകൊണ്ടെന്നും സിദ്ധിഖ് പറഞ്ഞു. എറണാകുളം റൂറല്‍ ജില്ലാ പോലീസിന്റേയും കേരള പോലീസ് അസ്സോസിയേഷന് എറണാകുളം റൂറല്‍ ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ആലുവയിലുള്ള എറണാകുളം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിൽ സിദ്ദിഖുമായി നടന്ന സൗഹൃദ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
പോലീസുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായുള്ള പരിപാടിയുടെ ഭാഗമായാണ് സിദ്ധിഖ് ചടങ്ങിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ മാത്രമാണ് ഡബ്ലിയുസിസിയുടെ സാന്നിധ്യമുണ്ടായിരുന്നത്. നടി ആക്രമിക്കപ്പെട്ട ഉടൻതന്നെ അമ്മ സംഘടന മുഖ്യമന്ത്രിയേയും ഡിജിപിയേയും ഉടൻ അറിയിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് താന്‍ ഫോണിലൂടെയും നേരിട്ടും സംസാരിച്ചു. അതേസമയം ഡബ്ല്യൂസിസി ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിൽ എഴുതുന്നതിലും മാത്രം മുഴുകി- സിദ്ധിഖ് പറഞ്ഞു.