എസ്. മഞ്ജുളാദേവി
വർഷങ്ങൾക്കു മുമ്പാണ് ഈ രംഗം. സിദ്ധിഖ് ലാലിന്റെ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമ പുറത്തിറങ്ങിക്കഴിഞ്ഞു. സിദ്ധിഖും ലാലും സിനിമയിൽ അവരുടെ സാന്നിധ്യം അടയാളപ്പെടുത്തിത്തുടങ്ങിയെങ്കിലും സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഒന്നും ലഭിച്ച് തുടങ്ങിയിട്ടില്ല.
ഈ സമയത്താണ് ലാലിന്റെ സഹോദരിയുടെ വിവാഹം. വിവാഹത്തിന് വീട്ടുകാർ കഷ്ടപ്പെട്ട് ഒരുക്കിവച്ചിരുന്ന പൊന്നിൽനിന്നു കുറച്ച് നഷ്ടപ്പെടുന്നു. സഹോദരിയുടെ ഒരു ബ്രേസ്ലെറ്റ് കാണാതെയാകുന്നു. വരന്റെ വീട്ടുകാർ പൊന്നും പണവുമൊന്നും ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും പറഞ്ഞ വാക്ക് നിറവേറ്റുന്നതിൽ പിഴവ് വന്നപ്പോൾ കുടുംബം വല്ലാതെ വിഷമിച്ചു.
ഈ വിഷമവും നിരാശയുമായിട്ടാണ് സ്ഥിരം താവളമായ മയൂര പാർക്ക് എന്ന ലോഡ്ജിൽ ലാൽ എത്തുന്നത്. അവിടേക്ക് കടന്നുവന്ന സിദ്ധിഖ് ഒരു പണപ്പൊതി ലാലിന്റെ കൈയിൽ കൊടുത്ത ശേഷം “”കല്യാണം അടുക്കുകയല്ലേ പണത്തിന് ആവശ്യമുണ്ടാകുമല്ലോ’’ എന്ന് പറയുന്നു.
പണം കണ്ട് സന്തോഷം സഹിക്കുവാൻ വയ്യാതെ കരഞ്ഞുപോയ നിമിഷം എന്നാണ് ഇതേക്കുറിച്ച് ലാൽ പറയുന്നത്. ദൈവം മുന്നിൽ വന്ന് കൈനീട്ടി സഹായിക്കുന്ന അനുഭവം. ആ നിമിഷത്തിൽ നന്ദി പറയാൻ ലാൽ മറന്നുപോയി.
നീണ്ട വർഷങ്ങൾക്കുശേഷം ഒരു പ്രമുഖ ടിവി ചാനൽ സിദ്ധിഖിന്റെ അഭിമുഖം നടത്തുന്നതിനിടയിൽ വീഡിയോയിലൂടെ ലാൽ വന്നു. ഈ സംഭവം പറഞ്ഞ ശേഷം സ്വരമിടറി ലാൽ പറഞ്ഞു- ‘’ഞാൻ അന്ന് സിദ്ധിഖിനോട് താങ്ക്സ് ഒന്നും പറഞ്ഞില്ല, പറയേണ്ടതായിരുന്നു.’’ പിന്നീട് ഗദ്ഗദത്തോടെ സിദ്ധിഖിനോട് പറഞ്ഞു സിദ്ധിഖേ..താങ്ക്സ്.
അതേക്കുറിച്ച് സിദ്ധിഖ് അപ്പോൾതന്നെ പറഞ്ഞത് തനിക്ക് എവിടെനിന്നോ കുറച്ച് പണം കിട്ടിയപ്പോൾ ആദ്യം ആലോചിച്ചത് ദീനാമ്മയുടെ കല്യാണമാണ്. ലാലിനു പൈസ ആവശ്യമായിരിക്കും എന്നാണ്.
ഒരുപാടുകാലം നമ്മളെ പൊട്ടിപ്പൊട്ടിച്ചിരിപ്പിച്ച സിദ്ധിഖ് ഇപ്പോൾ എല്ലാവരെയും കരയിപ്പിക്കുകയാണ്.
ജീവിച്ചിരുന്നപ്പോൾ സിദ്ധിഖിന്റെ സിനിമകൾ പ്രേക്ഷകർ കൊണ്ടാടിയിരുന്നു. അന്നും പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചുകൊണ്ട് താൻ ആരുമല്ല എന്ന മട്ടിൽ ഒതുങ്ങിക്കൂടി സിദ്ധിഖ്. ടിവി ചാനലുകളിൽ വന്ന് തുറന്ന് സംസാരിക്കുമായിരുന്നു, പത്രങ്ങളിലും ധാരാളം അഭിമുഖങ്ങൾ വന്നിട്ടുണ്ട്.
എങ്കിലും സിദ്ധിഖ് എന്ന വ്യക്തിയെ എത്ര കണ്ട് നമ്മൾ തിരിച്ചറിഞ്ഞു. നമ്മുടെ സ്നേഹം, ആസ്വാദനം ഒക്കെ സിദ്ധിഖിനോട് എത്രത്തോളം പ്രകടിപ്പിച്ചു എന്ന് അറിയില്ല. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സിദ്ധിഖ് നിറയുന്നു, ജീവിച്ചിരുന്നപ്പോൾ നമ്മൾ കേൾക്കാതെ പോയ സിദ്ധിഖിന്റെ മനുഷ്യപ്പറ്റുള്ള സംഭാഷണങ്ങൾ കേൾക്കുന്നു.
കുട്ടിക്കാലത്ത് പൊട്ട കന്നാസ് എന്നാണത്രേ തന്നെ കുടുംബക്കാരും മറ്റും വിളിച്ചിരുന്നത്. യാതൊരു ഗുണവുമില്ലാത്ത സാധനം എന്നാണ് അതിന്റെ അർത്ഥം. ഇക്കാര്യവും പതിഞ്ഞ മട്ടിൽ ചെറിയ ചിരിയോടെയാണ് സിദ്ധിഖ് പറയുന്നത്.
പിൽക്കാലത്ത് ഇതേ കന്നാസ് എന്ന പേരാണ് സിദ്ധിഖ് കാബൂളിവാല എന്ന സിനിമയിലെ ഇന്നസെന്റിന്റെ കഥാപാത്രത്തിന് നൽകിയത്. കുട്ടിക്കാലത്തെ അനുഭവങ്ങൾ കൊണ്ടാകാം എന്നും ഒരു ഉൾവലിയൽ സിദ്ധിഖിനുണ്ടായിരുന്നു.
എങ്കിലും ഒരിടത്തും ഇടിച്ചു കയറാതെ തന്നെ ആൾക്കൂട്ടിനു മുന്നിലെത്താൻ സിദ്ധിഖിനു സാധിച്ചു. സ്വന്തം പ്രതിഭ തന്നെയാണ് ആധാരം. വളരെ പെട്ടെന്ന് യാത്ര പോകേണ്ടിവരുമെന്ന് സിദ്ധിഖിന്റെ ഉൾമനസ് മന്ത്രിച്ചതു കൊണ്ടാണോ എന്നറിയില്ല തന്റെ സിനിമകളെക്കുറിച്ചെല്ലാം സിദ്ധിഖ് പറഞ്ഞിരുന്നു.
അഞ്ഞൂറാൻ, ജോൺ ഹോനായി, കൃഷ്ണമൂർത്തി, ആനപ്പാറയിൽ അച്ചമ്മ മുതൽ അപ്പുക്കുട്ടനും അമ്മുവും വരെയുള്ള തന്റെ സൂപ്പർ ഹിറ്റ് കഥാപാത്രങ്ങളുടെ കഥകളും അക്കൂട്ടത്തിൽപ്പെടുന്നു.
ആലുവയിലെ രണ്ട് കുടുംബക്കാരുടെ കുടിപ്പകയെക്കുറിച്ച് അറിയാവുന്ന സിദ്ധിഖ് ലാൽ ആ പകയെ ഊതി ജ്വലിപ്പിച്ചാണ് ഗോഡ്ഫാദർ സൃഷ്ടിക്കുന്നത്. 404 ദിവസങ്ങൾ തുടർച്ചയായി തീയറ്ററുകളിൽ ഓടി റെക്കോർഡ് നേടിയ ചിത്രമായി ഗോഡ്ഫാദർ മാറുകയും ചെയ്തു.
ആദ്യ ചിത്രമായ റാംജിറാവു സ്പീക്കിംഗിലെ രേഖയുടെ കഥയും സിദ്ധിഖ് പറയുന്നുണ്ട്. തമിഴിൽ ഹിറ്റ് നായികയായ രേഖയ്ക്ക് ഫാസിലിന്റെ ചിത്രത്തിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. റാംജിറാവുവിനു വേണ്ടി ഫാസിൽ ആണ് രേഖയെ വിളിക്കുന്നതും.
ഫാസിലിന്റെ സിനിമയിൽ നായികയായി മലയാളത്തിൽ തുടക്കം കുറിയ്ക്കാം എന്ന് കരുതി എത്തിയ രേഖ ഫാസിലിന്റെ അസിസ്റ്റന്റുമാരായ തന്നേയും ലാലിനേയും കണ്ട് ഞെട്ടി എന്നാണ് സിദ്ധിഖ് പറഞ്ഞിട്ടുള്ളത്.
എന്തായാലും രേഖയുടെ ആദ്യ ഷോട്ട് ഫാസിൽ എടുക്കാം എന്ന് പറഞ്ഞ് രേഖയെ ആശ്വസിപ്പിച്ചു.
മിമിക്രി രംഗത്തെ പ്രതിഭകൾ എന്ന നിലയിൽ നേരത്തെ പ്രശസ്തരായ സിദ്ധിഖ് ലാൽ സിനിമയെടുക്കുന്നതറിഞ്ഞ്ഒരു വമ്പൻ നിർമാതാവ് റാംജിറാവുവിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തി.
അവിടെ അപ്പോൾ ഫാസിൽ രേഖയുടെ ഫോട്ടോകൾ എടുക്കുകയാണ്. സിദ്ധിഖ് ലാൽ ദൂരെ മാറി കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുകയാണ്. ഇത് കണ്ട നിർമാതാവ് കൊണ്ടു വന്ന അഡ്വാൻസും മടക്കി ബാഗിലിട്ട് അപ്പോൾതന്നെ സ്ഥലം വിട്ടു.
അങ്ങനെ ഒരു വലിയ പ്രോജക്ട് നഷ്ടവുമായി. ഇതു പറയുമ്പോഴും സിദ്ധിഖ് ചിരിക്കുകയാണ്.
നഷ്ടങ്ങളും ജീവിതം തന്നെയും നർമത്തിലൂടെ കണ്ടു സിദ്ധിഖ്. അതാവും സിദ്ധിഖിന്റെ മാജിക്കും.