കോഴിക്കോട്: ഒളവണ്ണയിലെ ലോഡ്ജ് നടത്തിപ്പുകാരൻ സിദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ റിമാന്റ് കാലാവധി കോടതി നീട്ടി.
വല്ലപ്പുഴ ചെറുകോട് അച്ചീരിത്തൊടി മുഹമ്മദ് സിബിൽ (23), ചെർപ്പുളശേരി ചളവറ കുട്ടുതൊടി കദീജത്തുൽ ഫർഹാന (18), പാലക്കാട് മേച്ചേരി വല്ലപ്പുഴ വാലുപറന്പിൽ മുഹമ്മദ് ആഷിഖ് (26), എന്നിവരുടെ റിമാന്റ് കാലാവധിയാണ് കോഴിക്കോട് ജെഎഫ്സിഎം-4 ഈ മാസം 21 വരെ നീട്ടിയത്.
പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു.ഇതേ തുടർന്ന് ജയിലിൽ വെച്ച് പോലീസ് പ്രതികളെ ചോദ്യം ചെയ്തിരുന്നു.
സിദീഖിനെ കൊന്ന് കഷണങ്ങളാക്കി ട്രോളി ബാഗിലാക്കി കൊക്കയിൽ തള്ളിയെന്നാണ് കേസ്. മൃതദേഹം അട്ടപ്പാടി അഗളി ചുരത്തിൽ നിന്നാണ് കണ്ടെടുത്തത്.
സിദീഖിനെ മെയ് 18നാണ് കാണാതായത്. ഭാര്യ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിൽ 18ന് സിദീഖ് മുറി എടുത്തിരുന്നു. യുവതി അടക്കം 3 പേർ ഹോട്ടലിൽ എത്തിയതായി സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
തിരിച്ചുപോകുന്പോൾ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ കൈയിൽ ട്രോളി ബാഗും ഉണ്ടായിരുന്നു. ഇതാണ് സംശയം ജനിപ്പിച്ചത്.