മലയാളത്തിന്റെ പ്രിയതാരം തിലകനോട് താരസംഘടനയായ അമ്മയ്ക്ക് വേണ്ടി എതിർത്ത് സംസാരിച്ചത് തെറ്റായിപ്പോയെന്നും അതിൽ ഇപ്പോഴും കുറ്റബോധമുണ്ടെന്നും തുറന്നു പറഞ്ഞ് നടൻ സിദ്ധിഖ്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിദ്ധിഖ് ഇതു പങ്കുവച്ചത്. തിലകൻ ചേട്ടനുമായി മികച്ച ബന്ധമാണുണ്ടായിരുന്നതെന്നും എന്നാൽ അത് താനായിട്ട് നശിപ്പിക്കുകയായിരുന്നുവെന്നുമാണ് സിദ്ധിഖിന്റെ തുറന്നു പറച്ചിൽ.
അസോസിയേഷന്റെ ഭാഗത്തുനിന്നുകൊണ്ട് തിലകൻ ചേട്ടനോട് എതിർത്ത് സംസാരിക്കുകയാണ് ഞാനന്ന് ചെയ്തത്. അത് തെറ്റായിപ്പോയെന്ന കുറ്റബോധം എനിക്ക് നല്ലതുപോലെയുണ്ട്.
അമ്മയിലെ പല അംഗങ്ങളെക്കുറിച്ചും അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങളെയും വിമർശിക്കുകയാണ് ഞാൻ അന്ന് ചെയ്തത്. മറ്റു പലർ പറഞ്ഞതിനേക്കാളും ഞാൻ പറഞ്ഞത് അദ്ദേഹത്തെ വിഷമിപ്പിച്ചുവെന്ന് തിലകൻ ചേട്ടന്റെ മകൾ എന്നോട് പിന്നീട് പറഞ്ഞിട്ടുണ്ട്.
അതൊരു വല്ലാത്ത വേദനയായി. ഞങ്ങൾക്കിടയിലുള്ള ബന്ധം അത്രയ്ക്ക് ദൃഢമായിരുന്നു. അദ്ദേഹം ആശുപത്രിയിൽ കിടക്കുന്പോൾ ഞാൻ എല്ലാ ദിവസവും വിളിക്കുമായിരുന്നു.
പിന്നീട് തിരുവനന്തപുരത്തെ വീട്ടിൽ രണ്ടുമൂന്ന് തവണ പോയി കണ്ടിരുന്നു. ഒരു തവണ ഒപ്പം മമ്മൂക്കയും ഉണ്ടായിരുന്നു. ഞാനായിട്ടു തന്നെയാണ് ആ ബന്ധം നശിപ്പിച്ചുകളഞ്ഞത്.
അസോസിയേഷനിൽ അത്രയും സീനിയർ ആയിട്ടുള്ള ഒരു വ്യക്തി അങ്ങനെ ചെയ്തതിന് ഞാൻ അത്രയ്ക്ക് പൊട്ടിത്തെറിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല.
നല്ലതുപോലെ സംസാരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ മഞ്ഞ് ഉരുകുമായിരുന്നു. പക്ഷേ എതിർത്ത് സംസാരിച്ചതിനു ക്ഷമ ചോദിക്കാനുള്ള അവസരം എനിക്ക് കിട്ടിയിട്ടുണ്ട്, ഞാൻ ചോദിച്ചിട്ടുമുണ്ട്.
ചാനൽ പരിപാടിക്കിടെ തിലകനോട് ക്ഷമിക്കണമെന്ന് പറഞ്ഞപ്പോൾ ആ തിരിച്ചറിവുണ്ടായല്ലോ, അത് മതി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം- സിദ്ധിഖ് പറഞ്ഞു.