മാഡ്രിഡ്: ഫ്രഞ്ച് മുൻ താരമായ സിനദിൻ സിദാൻ 10 മാസത്തിനുശേഷം സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് പരിശീലക വേഷത്തിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം തിങ്കളാഴ്ച അർധരാത്രിയോടെയാണ് സിദാന്റെ നാടകീയമായ രണ്ടാം വരവ് മാഡ്രിഡിൽ അരങ്ങേറിയത്.
റയൽ ചാന്പ്യൻസ് ലീഗിൽ അയാക്സിനോട് പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെ പോർച്ചുഗീസ് പരിശീലകനായ ഹൊസെ മൗറീഞ്ഞോയുടെ പേര് ഉയർന്നെങ്കിലും അദ്ദേഹം അത് തള്ളിയിരുന്നു. തുടർച്ചയായ ഹോം മത്സര തോൽവിയുൾപ്പെടെ നാണക്കേടിന്റെ പടുകുഴിയിലായ റയലിനെ രക്ഷിക്കാൻ സിദാനേ സാധിക്കൂ എന്ന് ക്ലബ് അധികാരികൾ മനസിലാക്കിയതോടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്.
അതോടെ കഴിഞ്ഞ 10 മാസത്തിനുള്ളിൽ ജൂലൻ ലോപ്ടെഹുയിക്കു പിന്നാലെ സാന്റിയാഗോ സൊളാരിയും റയൽ പരിശീലക സ്ഥാനത്തുനിന്ന് തെറിച്ചു. ലോകത്തിലെ ഏറ്റവും മികച്ച മാനേജർ ക്ലബ്ബിൽ തിരിച്ചെത്തിയെന്നാണ് സിദാന്റെ മടങ്ങിവരവ് അറിയിച്ച് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറെന്റിനൊ പെരെസ് പറഞ്ഞത്.
സിദാൻ ആവശ്യപ്പെട്ടത്
ഹാട്രിക് ചാന്പ്യൻസ് ലീഗ് കിരീടം റയലിനു സമ്മാനിച്ച് കഴിഞ്ഞ മേയിൽ സ്ഥാനമൊഴിഞ്ഞ റയലിലേക്ക് സിദാൻ തിരിച്ചെത്തുന്പോൾ, മുന്നോട്ടുവച്ചത് പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങൾ. ടീമിലേക്കും പുറത്തേക്കുമുള്ള എല്ലാ ട്രാൻസ്ഫറുകളും തന്റെ അറിവോടെയായിരിക്കണമെന്നതാണ് അതിൽ ഒന്ന്. ഈ വേനലിൽത്തന്നെ ടീമിലേക്ക് വന്പൻ താരങ്ങളെ കൊണ്ടുവരണമെന്നതായിരുന്നു രണ്ടാമത്തേത്ത്.
ക്രിസ്റ്റ്യാനൊ റൊണാൾഡോ ക്ലബ് വിട്ടതിനുശേഷം റയൽ വൻതാരവേട്ട ഈ സീസണിൽ നടത്തിയിരുന്നില്ല. ടീമിന്റെ ഫൈനൽ ഇലവന്റെ കാര്യത്തിലും പൂർണ സ്വാതന്ത്ര്യം സിദാൻ ആവശ്യപ്പെട്ടു. അതും അംഗീകരിക്കപ്പെട്ടു. ഇതിനെല്ലാം പുറമേ വൻ പ്രതിഫലമാണ് താരം ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്. മുൻ സീസണുകളിൽ ഗാരത് ബെയ്ലടക്കമുള്ളവരെ ഒഴിവാക്കുന്നതിൽ സിദാന് തടസമായാത് ക്ലബ് അധികാരികളുടെ കൈകടത്തലാണ്.
സിദാൻ മതിയെന്ന്
പരിശീലകനായി സിദാൻ മതിയെന്ന് സെർജിയോ റാമോസ് അടക്കമുള്ള സീനിയർ താരങ്ങൾ പലരും ആവശ്യപ്പെട്ടതോടെയാണ് ഇത്തരത്തിലൊരു നീക്കത്തിന് പെരസ് തയാറായത്. മൗറീഞ്ഞോ റയലിലുണ്ടായിരുന്നപ്പോൾ ക്യാപ്റ്റനായിരുന്ന ഐക്കർ കസിയസിനോടും മറ്റും കൊന്പുകോർത്തത് വലിയ വിവാദങ്ങളായിരുന്നു. മൗറീഞ്ഞോ തിരിച്ചെത്തിയാൽ റയലിന്റെ അവസ്ഥ ഇതിലും ദയനീയമാകുമെന്നും സീനിയർ താരങ്ങൾ ആശങ്ക പ്രകടിപ്പിച്ചു.ലാ ലിഗയിൽ മൂന്നാം സ്ഥാനത്തുള്ള റയലിനെ രണ്ടിലെത്തിക്കുകയാണ് സിദാന്റെ മുന്നിലുള്ള ആദ്യ വെല്ലുവിളി.
ബെയ്ൽ വെട്ടിൽ; സിദാന്റെ പട്ടികയിൽ എംബാപ്പെ, നെയ്മർ, ഹസാർഡ്…
വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിലൂടെ റയൽ മാഡ്രിഡിനെ അടിമുടി മാറ്റാനാണ് സിദാന്റെ ആദ്യ പദ്ധതി. ഗാരത് ബെയ്ലിനെ മുന്പ് ഒഴിവാക്കാൻ ശ്രമിച്ച സിദാൻ ഈ വരവിൽ അതു സാധിച്ചേക്കും.
ബാഴ്സയിൽനിന്ന് റിക്കാർഡ് ട്രാൻസ്ഫർ തുകയ്ക്ക് പിഎസ്ജിയിലെത്തിയ ബ്രസീൽ താരം നെയ്മർ, പിഎസ്ജിയുടെ യുവ സൂപ്പർ താരം കൈലിയൻ എംബാപ്പെ, ചെൽസിയുടെ ഏഡൻ അസാർഡ്, ലിവർപൂളിന്റെ സാഡിയൊ മാനെ, ക്രിസ്റ്റ്യൻ എറിക്സണ് തുടങ്ങിയവരെ സ്വന്തമാക്കാൻ സിദാൻ പദ്ധതി തയാറാക്കുന്നതായാണ് റിപ്പോർട്ട്.
ബെയ്ലിനൊപ്പം മുപ്പത്തിമൂന്നുകാരനായ ലൂക്ക മോഡ്രിച്ച്, മുപ്പത്തൊന്നു തികയുന്ന മാഴ്സലോ, ടോണി ക്രൂസ്, കരിം ബെൻസെമ തുടങ്ങിയവരെയും ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്.