തിരുവനന്തപുരം: മകന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാ പ്രതികളേയും പിടിക്കണമെന്നും ഇനിയും ആളുകൾ വരാനുണ്ടെന്നും സിദ്ധാർഥന്റെ മാതാവ് ഷീബ. കണ്ട് നിന്നവരുൾപ്പെടെ തന്റെ കണ്ണിൽ കുറ്റക്കാരാണ്. നീതി ലഭിക്കും വരെ പോരാടാനാണ് തീരുമാനം. ആരൊക്കെ കൂടെ നിന്നാലും ഇല്ലങ്കിലും അവസാനം വരെ പോരാടുമെന്ന് ഷീബ പറഞ്ഞു. കേസിൽ ഉൾപ്പെട്ടവർക്കെല്ലാം തക്കതായ ശിക്ഷ കൊടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കൂടുതൽ അന്വേഷണം നടക്കുമെന്നാണ് കരുതുന്നത്. എന്നാൽ അന്വേഷണം അവസാനഘട്ടത്തിലേക്ക് അട്ടിമറിക്കപ്പെട്ടേക്കാമെന്ന ആശങ്കയുണ്ടെന്ന് സിദ്ധാർഥന്റെ പിതാവ് പറഞ്ഞു. തുടക്കം മുതൽ പ്രതികൾ ഓരോ കള്ളത്തരങ്ങളാണ് പറയുന്നത്.
സിദ്ധാർഥൻ പാർട്ടിക്കാരനെന്ന് ആദ്യം പറഞ്ഞു. പിന്നീട് കള്ളക്കേസിൽ കുടുക്കാൻ നോക്കി. അതിനാൽതന്നെ കേസ് അട്ടിമറിക്കുമോ എന്നാണ് ഇപ്പോഴത്തെ ആശങ്കയെന്ന് അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തവർ ഭാരവാഹികളാണെന്നും സിദ്ധാർഥന്റെ അച്ഛൻ കൂട്ടിച്ചേർത്തു.