തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തെ തുടർന്നു ജീവനൊടുക്കേണ്ടിവന്ന പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ വീടിനു മുന്നിൽ പുതിയ ബോർഡ് സ്ഥാപിച്ച് കെഎസ്യു. സിദ്ധാര്‍ഥനെ എസ്എഫ്ഐ കൊന്നതാണ് എന്നെഴുതിയ ബോര്‍ഡാണ് കെഎസ്യു സ്ഥാപിച്ചത്.
അതേസമയം, എസ്എഫ്ഐ പ്രവർത്തകൻ സിദ്ധാർഥനെ കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരിക എന്ന ഫ്ലക്സ് ബോർഡ് സിപിഎം വിദ്യാർഥിയുടെ വീടിനു മുന്നിൽ സ്ഥാപിച്ചിരുന്നു. സിപിഎം,ഡിവൈഎഫ്ഐ ബ്രാഞ്ച് കമ്മിറ്റികളുടെ പേരിലായിരുന്നു ബോര്‍ഡ്. എന്നാല്‍ സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ ഇതിനെതിരേ വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങൾ രംഗത്തുവന്നു. അതോടെ സിപിഎം ബോർഡ് അവിടെ നിന്നും മാറ്റി. ഇതിനു പിന്നാലെയാണ് കെഎസ്യു പുതിയ ബോർഡ് സ്ഥാപിച്ചത്.
ഇതിനിടെ സിദ്ധാര്‍ഥന്റെ മരണത്തിൽ നാല് പ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്. ഇവർ നാലുപേരും ആദ്യ പ്രതിപ്പട്ടികയിൽ ഉള്ളവരാണ്.
ഇക്കഴിഞ്ഞ 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ സത്യാവസ്ഥ വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദനം, റാഗിംഗ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.