സ്ത്രീകളെ മര്‍ദിക്കുന്നത്, അവരുടെ പൊക്കിളില്‍ നുള്ളുന്നത്, പെണ്ണിനോട് നീ ഇങ്ങനെയായിരിക്കണം എന്ന് അടിച്ചേല്‍പ്പിക്കുന്ന മനോഭാവത്തോടെ പെരുമാറുന്നത്, ഐറ്റം പാട്ടുകളില്‍ അഭിനയിക്കുന്നത് ഇതെല്ലാമാണ് ഒരു കമേഴ്സ്യല്‍ സിനിമയ്ക്ക് ആവശ്യമെന്ന് കരുതുന്നവരുണ്ട്. അത്തരം തിരക്കഥകള്‍ എന്നെ തേടിയെത്താറുണ്ട്. പക്ഷെ എനിക്ക് അത്തരം കഥാപാത്രങ്ങളോട് താല്പര്യമില്ല. ആ ലൈനില്‍ സിനിമകള്‍ തെരഞ്ഞെടുത്തിരുന്നെങ്കില്‍ ഇന്ന് ഞാന്‍ വലിയൊരു സ്റ്റാറായി മാറിയേനെ.
പക്ഷെ എനിക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളും സിനിമകളുമാണ് ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളത്. ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നയാളാണെന്ന് പലരും പറയാറുണ്ട്. എന്റെ മാതാപിതാക്കള്‍ക്ക് ഞാനൊരു നല്ല മകനാണ്. കുട്ടികള്‍ക്ക് മുന്നില്‍ ഞാന്‍ നല്ലൊരു വ്യക്തിയാണ്.
പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ സിനിമകള്‍ കുട്ടികള്‍ക്ക് പോലും ഇരുന്ന് കാണാനാകുന്നു എന്നത് ഏറ്റവും സന്തോഷകരമായ അനുഭവമാണ്. കോടികള്‍ കൈയില്‍ കിട്ടിയാലും ആ അനുഭൂതി ലഭിക്കില്ല. ആണുങ്ങൾക്ക് വേദനയില്ല, വിഷമമില്ല, കരയില്ല എന്നൊക്കെ പറയുന്നവരുണ്ട്. പക്ഷെ സ്ക്രീനില്‍ കരഞ്ഞ് അഭിനയിക്കാന്‍ കഴിയുന്നുവെന്നത് എന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ് സിദ്ധാര്‍ഥ് പറഞ്ഞു.