കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ച് മരണത്തിലേക്കു നയിച്ച കേസിലെ പ്രതികളെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയപ്പോള്‍ മുതിര്‍ന്ന സിപിഎം നേതാക്കളും എത്തി. രണ്ടു നേതാക്കളാണ് പ്രതികളെ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ അവർക്കു സംരക്ഷണവുമായി എത്തിയത്.
ഇതിൽ ഒരാൾ പോലീസ് തടഞ്ഞിട്ടും മജിസ്ട്രേറ്റിന്റെ മുറിയിലേക്കു തള്ളിക്കയറി. പ്രതികളെ ഹാജരാക്കുന്നതില്‍ പോലീസ് കാലതാമസം വരുത്തിയെന്ന പരാമര്‍ശവുമായി എത്തിയ നേതാവിനെ മജിസ്ട്രേറ്റ് ഇറക്കിവിട്ടു.
കേസില്‍ പ്രതികള്‍ക്കുവേണ്ടി സിപിഎം നേതൃത്വം ഇടപെടുന്നതിന്റെ വ്യക്തമായ തെളിവാണ് ഈ സംഭവം. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേരെ ബുധനാഴ്ച രാത്രി കല്‍പ്പറ്റ ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയിത്. വസതിയിലെ ഓഫീസിലേക്ക് പോലീസിനും പ്രതികൾക്കുമൊപ്പം കയറിയ നേതാവിനെ കോടതി ജീവനക്കാർ വിലക്കിയെങ്കിലും ഇയാൾ പിൻവാങ്ങിയില്ല.
ആരാണ് തടയാൻ എന്നു ജീവനക്കാരോടു കയര്‍ത്തു ചോദിച്ച നേതാവ് പോലീസ് ഇടപെട്ടിട്ടും പിന്മാറിയില്ല. ആറു പ്രതികളെയും അറസ്റ്റ് ചെയ്തിട്ട് ഒരു ദിവസമായി.
ഇപ്പോഴാണ് ഹാജരാക്കുന്നതെന്ന് നേതാവ് പറഞ്ഞപ്പോള്‍ പുറത്തു പോകാന്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടതായാണ് വിവരം. അതോടെ നേതാവ് പുറത്തിറങ്ങി. ഇയാൾ പോലീസുകാരോടും ഡിവൈ എസ് പിയോടും തട്ടിക്കയറിയതായും റിപ്പോർട്ടുണ്ട്.