കോഴിക്കോട്: പരസ്യ വിചാരണയ്ക്കിരയായി ജീവനൊടുക്കിയ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥനു ഹോസ്റ്റലിൽ നേരിട്ട ക്രൂരമര്‍ദനം ഒളിച്ചുവയ്ക്കാന്‍ ഡീന്‍ എം.കെ. നാരായണന് ശ്രമിച്ചുവെന്നു സംശയിക്കുന്ന തെളിവുകള്‍ പുറത്ത്.
ഫെബ്രുവരി 22ന് കോളജില്‍ നടന്ന അനുശോചന യോഗത്തിലെ ഡീനിന്റെ പ്രസംഗത്തിന്റേതെന്നു പറയുന്ന വീഡിയോ ആണു പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് ആരും ഒന്നും പറയരുതെന്നും എല്ലാ കാര്യവും പോലീസ് നിരീക്ഷണത്തിലാണെന്നും പ്രസംഗത്തിനിടെ ഡീന്‍ പറയുന്നു.
പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍: ‘വിവരം അറിയുന്നത് ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 1.45നാണ്. ജീവന് രക്ഷിക്കാനാണ് ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയത്. പക്ഷേ അപ്പോഴേക്കും മരിച്ചിരുന്നു. ശേഷം വേറെ മാര്‍ഗം ഇല്ല. പോലീസിനെ വിവരം അറിയിച്ചു.
പോസ്റ്റ്മോര്‍ട്ടം ചെയ്യണമെങ്കില്‍ ബന്ധുക്കളുടെ സാന്നിധ്യം വേണം. അതുകൊണ്ട് വീട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിച്ചു. നടന്ന സംഭവത്തെക്കുറിച്ച് ആരും ഒന്നും പറയരുത്. എല്ലാ കാര്യവും പോലീസ് നിരീക്ഷണത്തിലാണ്.
സംഭവത്തിനു പിന്നാലെ 22 ബാച്ചില്‍ ഉള്ളവര്‍ക്ക് വലിയ പ്രശ്നം ഉണ്ടായി. അതുകൊണ്ടാണ് അനുശോചന സമ്മേളനം വൈകിയത്. സംഭവിച്ചത് ഒരു പ്രത്യേക കേസ് ആണ്. അതുകൊണ്ട് ആര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാകരുത്. നടന്നത് എന്താണെന്ന് ആരും ഒന്നും ഷെയര്‍ ചെയ്യരുത്’.
അതേസമയം, വിദ്യാര്‍ഥിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡീനിനെയും ഹോസ്റ്റലിലെ അസി. വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍ദേശം നല്‍കിയിട്ടുണ്ട്.