കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിൽ കൊലപാതകസാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തിന് പോലീസ്.ഫോറൻസിക് പരിശോധനാഫലം നിർണായകമാണ്. തൂങ്ങി മരിക്കാൻ ഉപയോഗിച്ച തുണി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം അഴിച്ചത് പ്രതികൾ ആണെന്നതിലും ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ ഒരുമിച്ചിരുത്തിയും അല്ലാതെയും ചോദ്യം ചെയ്തുവരികയാണ്.’
നിലവില്‍ കൊലപാതകസാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടില്ല. എന്നാല്‍ മുഖ്യപ്രതിയ സിന്‍ജോ ജോണ്സണ് ഉള്‍പ്പെടെ ചിലകാര്യങ്ങള്‍ മറച്ചുവച്ചുകൊണ്ടാണു മറുപടി നല്‍കുന്നത്. കേസില്‍ ഒളിവിലായിരുന്ന സമയത്ത് പ്രതികള്‍ നിയമോപദേശവും മറ്റും തേടിയിരിക്കാമെന്നു പോലീസ് സംശയിക്കുന്നു. കേസ് അന്വേഷണത്തില്‍ തുടക്കത്തില്‍ വന്ന മെല്ലെപ്പോക്ക് പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് തയാറാകാനുള്ള സമയം നല്‍കിയെന്ന ആക്ഷേപം പോലീസിനു മേലുണ്ട്.
ഇന്നലെ സിൻജോ ജോൺസണുമായി സർവകലാശാല ഹോസ്റ്റലിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയതു നിർണായക തെളിവുകളാണ്. സിദ്ധാര്‍ഥനെ മർദ്ദിക്കാൻ ഉപയോഗിച്ച ഗ്ലൂ ഗണ്ണിന്റെ ഇലക്ട്രിക് വയർ, ഒരു ചെരിപ്പ് എന്നിവയാണ് കണ്ടെത്തിയത്. സംഭവസമയത്ത് സിൻജോ ജോൺസൺ ഉപയോഗിച്ച ചെരിപ്പാണിതെന്നു കണ്ടെത്തിയത്. പ്രതി ഇതു മുറിയിൽ ഒളിപ്പിച്ചതായിരുന്നു. ഹോസ്റ്റലിലെ മുപ്പത്തി ആറാം നമ്പർ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സിദ്ധാര്ഥൻ അനുഭവിച്ചത് അതിക്രൂരപീഡനമെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വിദ്യാർഥിനിയോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാർഥനെ പരസ്യമായി വിചാരണ നടത്തിയിരുന്നു. പിന്നീട് വീട്ടിലേക്കു പുറപ്പെട്ട സിദ്ധാർഥനെ തിരിച്ചുവിളിച്ചുവരുത്തുകയായിരുന്നു. കാര്യങ്ങൾ ഒത്തുതീർപ്പാക്കാം എന്നു പറഞ്ഞാണ് ഫോണിൽ വിളിച്ചത്. ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് ഒത്തുതീർപ്പാക്കാം എന്നാണു പറഞ്ഞത്. തിരിച്ചെത്തിയ സിദ്ധാര്‍ഥനെ ഹോസ്റ്റൽ മുറിയിൽനിന്ന് എങ്ങും പോകാൻ അനുവദിച്ചില്ല.
രാത്രിയോടെ ക്രൂരമായി മർദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റ് കൊണ്ടും കേബിൾ വയർ കൊണ്ടും കൈകൊണ്ടും അതിക്രൂരമായി മർദ്ദിച്ചു. പല തവണ ചവിട്ടി വീഴ്ത്തി. കൊടും ക്രൂരതയാണ് ഹോസ്റ്റൽ വിദ്യാർഥികളുടെ മുന്നിൽ അരങ്ങേറിയത്. പൊതു മധ്യത്തിൽ പരസ്യവിചാരണ നടത്തുകയും അപമാനിക്കുകയും ചെയ്തതിനെത്തുടർന്ന് മരണമല്ലാതെ മറ്റൊരു മാർഗമില്ലാത്ത സാഹചര്യത്തിലേക്കു സിദ്ധാര്‍ഥനെ പ്രതികൾ എത്തിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
ഇത്രയും ക്രൂരത അരങ്ങേറിയിട്ടും നിശബ്ദരായിരുന്ന വിദ്യാർഥികളിൽ ചിലർ ഇന്നലെ മാധ്യമങ്ങൾ തങ്ങൾക്കെതിരേ ഇല്ലാത്ത വാർത്ത ചമയ്ക്കുകയാണ് എന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു.