പ്രണയവിവാഹത്തിന്റെ പേരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. ദുരഭിമാനക്കൊലയാണ് നടന്നതെന്ന് വ്യക്തമായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യല്‍മീഡിയകളിലടക്കം നടന്നുവരുന്നത്.
സാമൂഹിക, സാംസ്കാരിക മേഖലകളില്‍ നിന്നുള്ള നിരവധിയാളുകള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രസ്തുത വിഷയത്തില്‍ വേറിട്ടൊരു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ സംവിധായകന് സിദ്ധാര്‍ഥ് ശിവ. ഫേസ്ബുക്കിലൂടെയാണ് സിദ്ദാര്‍ഥ് തന്റെ ചിന്ത പങ്കുവച്ചത്.
സിദ്ധാര്‍ഥ് ശിവയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
ബഹുമാനപ്പെട്ട സെന്‍സര്‍ ബോര്‍ഡ്,
ഇനി മുതല്‍ സിനിമയിലെ പ്രണയരംഗങ്ങള്‍ കാണിക്കുമ്പോള്‍ ‘ഈ പ്രണയരംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്ന രണ്ടുപേരും ഒരേജാതിയിലും മതത്തിലും നല്ല കുടുംബത്തിലും ഉളളവരാണെന്ന’ അടിക്കുറിപ്പ് കൂടി കൊടുക്കുക.
കാരണം സിനിമയിലെ പ്രണയം കണ്ട് അത് ദിവ്യമാണ്, അനശ്വരമാണ്, കാവ്യാത്മകമാണ്, മതാതീതമാണ് എന്ന് കരുതി സ്വപ്നം കണ്ട് ജാതീം മതോം സമ്പത്തുമൊന്നും നോക്കാതെ പ്രേമിച്ച് നടക്കുന്ന പാവം പിളളേര് മൂന്നാം പക്കം വല്ല വെളളത്തിലും പൊങ്ങും.